കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി ‘ഓപ്പറേഷൻ ബ്രേക്ക്ത്രൂ’ അവലോകന യോഗം. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ചേർന്ന യോഗത്തിൽ ഓപ്പറേഷൻ ബ്രേക്ക്ത്രൂ, മുല്ലശ്ശേരി കനാൽ നവീകരണം എന്നിവയുടെ പുരോഗതി സമഗ്രമായി വിലയിരുത്തി. നഗരത്തിലെ വിവിധ കനാലുകളുടെ പുനരുദ്ധാരണവും വെള്ളക്കെട്ട് പ്രതിരോധ പ്രവർത്തനങ്ങളും ത്വരിതപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. മുല്ലശ്ശേരി കനാൽ നവീകരണ പ്രവൃത്തികൾ സെപ്റ്റംബർ ഒന്നിന് പുനരാരംഭിക്കാനും മാർച്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ടി.പി. കനാലിലെ കനാലിന്റെ മൗത്ത് ക്ലീനിങ് പൂർത്തിയായതായും ഹൈക്കോടതി പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ജോലികൾ പി.ഡബ്ല്യു.ഡി പൂർത്തിയാക്കിയതായും യോഗം വിലയിരുത്തി.
കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രദേശത്തെ കാനകളിലെ അനധികൃത വേസ്റ്റ് നിക്ഷേപവുമായി ബന്ധപ്പെട്ട് കാനകൾ അടിയന്തിരമായി വൃത്തിയാക്കുവാനും, കാനകൾക്ക് മുകളിൽ പ്രവർത്തിക്കുന്ന കടകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും കൊച്ചി കോർപ്പറേഷൻ അധികൃതർക്ക് നിർദ്ദേശം നൽകി.
നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള വെള്ളക്കെട്ട് പ്രതിരോധ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഇന്ദിരാനഗറിൽ ഷട്ടറുകൾ സ്ഥാപിക്കുകയും, റോഡ് ഉയർത്തുന്നതിനായി ഫണ്ട് അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ജോസ് ജങ്ഷനിലെ പ്രശ്നപരിഹാരത്തിനായുള്ള ടെൻഡറിംഗ് നടപടികളും, ടി.ഡി. റോഡിലെ ജെറ്റിംഗ് പ്രവൃത്തികളും പൂർത്തിയായി. എം.ജി. റോഡിലെ സെൻട്രൽ മാൾ പരിസരത്തെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണാൻ പി.ഡബ്ല്യു.ഡിക്ക് നിർദ്ദേശം നൽകിയപ്പോൾ, ഇടപ്പള്ളി ഒബ്‌റോൺ മാൾ പരിസരത്ത് ബോക്സ് കൽവർട്ട് പ്രവൃത്തികൾ പൂർത്തിയായതായി എൻ.എച്ച്.എ.ഐ അറിയിച്ചു.
കമ്മട്ടിപ്പാടത്ത് ബോക്സ് കൽവർട്ട് ടെൻഡറിംഗിലുണ്ടായ കാലതാമസത്തിൽ റെയിൽവേയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്.ശുചിത്വവും മാലിന്യ സംസ്കരണവും ഉറപ്പാക്കാൻ പുതിയ കരാർ നിബന്ധനകളും യോഗത്തിൽ മുമ്പോട്ടുവെച്ചു. ഓടകളും കനാലുകളും വൃത്തിയാക്കുമ്പോൾ നീക്കം ചെയ്യുന്ന എക്കലും ചെളിയും വഴിയോരങ്ങളിൽ കൂട്ടിയിടരുത്. കരാർ നൽകുമ്പോൾ തന്നെ ഇവ സിൽറ്റ് യാർഡിലേക്ക് മാറ്റുന്നുണ്ടെന്ന് മൈനർ ഇറിഗേഷനും കൊച്ചി കോർപ്പറേഷനും ഉറപ്പുവരുത്തണം. അതോടൊപ്പം, നിരോധിച്ച സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്തി പരിശോധനകൾ ശക്തമാക്കാനും ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കാനും കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് കളക്ടർ നിർദ്ദേശം നൽകി.
യോഗത്തിൽ അമിക്കസ് ക്യൂറി ഗോവിന്ദ് പദ്മനാഭൻ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോസഫ് സ്റ്റീഫൻ റോബി, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി. എസ്. ഷിബു, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
































