കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ എസ്കലേറ്റര്‍ കം എലിവേറ്റര്‍ കം ഫൂട് ഓവര്‍ ബ്രിഡ്ജ് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തായാണ് ഓവര്‍ ബ്രിഡ്ജ് നിര്‍മിച്ചത്.
സമാനതകളില്ലാത്ത ഒട്ടേറെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോഴിക്കോട് കോര്‍പറേഷന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. കല്ലുത്താന്‍ കടവ് കോളനിവാസികള്‍ക്കായി ഏഴു നിലകളുള്ള കെട്ടിടസമുച്ചയം നിര്‍മിച്ചതും ഞെളിയന്‍ പറമ്പില്‍ സ്വകാര്യ പങ്കാളിത്തത്തോടെ 250 കോടി രൂപ ചെലവില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയുമെല്ലാം വലിയ നേട്ടമാണ്. കേന്ദ്ര സര്‍ക്കാറിന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി രാജാജി റോഡില്‍ 11.35 കോടി ചെലവിലാണ് പാലം നിര്‍മിച്ചതും നടപ്പാതകള്‍ നവീകരിച്ചതും.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സന്ദേശം നഗരസഭ സെക്രട്ടറി ബിനു ഫ്രാന്‍സിസ് ചടങ്ങില്‍ വായിച്ചു.