കോട്ടയം : കോട്ടയം ചന്തക്കടവിലെ വാടകവീട്ടില്‍ യുവാക്കളെ ഗുണ്ടസംഘം അക്രമിച്ചകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പൊന്‍കുന്നം കോയിപ്പള്ളിഭാഗം പുതുപ്പറമ്പില്‍ വീട്ടില്‍ അജ്മല്‍, മല്ലപ്പള്ളി വായ്പ്പൂര് കുഴിയ്ക്കാട്ട് വീട്ടില്‍ സുലേഖ (ശ്രുതി) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍വാണിഭ സംഘങ്ങള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കവും കുടിപ്പകയുമാണ് സംഭവത്തിന് കാരണം.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു നഗരമധ്യത്തില്‍ ചന്തക്കടവിലെ വീട്ടില്‍ അതിക്രമിച്ചുകയറി ക്വട്ടേഷന്‍ സംഘം ആക്രമണം നടത്തിയത്. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസ്, അമീര്ഖാന് എന്നിവര്‍ക്ക് വെട്ടേറ്റു. മുമ്പ് സംഘങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചുവരവെ, അമീര്ഖാന്, സാന്‍ജോസ്, ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷിനു എന്നിവര്‍ ചേര്‍ന്ന് ഈ സംഭവത്തിലെ ഒന്നാംപ്രതി മാനസ് മാത്യുവിനെ ആക്രമിച്ചതിന്റെ വൈരാഗ്യത്തില്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമസംഭവങ്ങള്‍ നടന്നത്. കൂട്ടുപ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ്ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കോട്ടയം ഡിവൈ.എസ്.പി അനില്‍കുമാര്‍, എസ്.എച്ച്.ഒ കെ.എസ്. വിജയന്, എസ്.ഐ റിന്‍സ് എം. തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.