25.8 C
Pathanāmthitta
Sunday, October 17, 2021 3:29 pm
Advertisment

എല്ലാ ഫോണുകൾക്കും ഒരേ ചാർജിങ് സിസ്റ്റം – ഇനി ടൈപ് സിയുടെ കാലം ; ആപ്പിളിന് തിരിച്ചടി

ഒരു മുറിയിൽ 10 ആൻഡ്രോയ്ഡ് ഫോൺകാരും ഒരു ഐഫോൺവാലയുമുണ്ടെന്നും അവരൊന്നും ചാർജർ കൊണ്ടുവന്നിട്ടില്ലെന്നും കരുതുക. ‘ഭായ്, ഒരു ടൈപ് സി തരുമോ’ എന്നു ചോദിച്ച് എവിടെനിന്നെങ്കിലും ഒരൊറ്റ ചാർജർ സംഘടിപ്പിച്ചുകൊണ്ടുവന്ന് ആൻഡ്രോയ്ഡ്കാരുടെയെല്ലാം വിശപ്പകറ്റാം. പക്ഷേ ഐഫോണിന്റെ കാര്യം അതല്ല. ഒരു ഐഫോൺ ഉടമയെത്തന്നെ കണ്ടെത്തിവേണം ചാർജർ ഒപ്പിക്കാൻ. എണ്ണത്തിൽ അക്കൂട്ടർ കുറവായതിനാൽ സംഗതി ഈസി ആകില്ല.

സ്മാർട്ഫോണുകളിൽ ഐഫോൺ ആണു നീ എന്ന വ്യത്യസ്തതയ്ക്കുള്ള പല കാരണങ്ങളിലൊന്ന് പ്രത്യേക ചാർജിങ് പോർട്ട്– കണക്ടർ സംവിധാനമാണെങ്കിലും അതിന്റെ അസൗകര്യം ഒരു യാഥാർഥ്യമാണ്. ഇത് സാധാരണ മനുഷ്യന്റെ മാത്രം ചിന്തയല്ലതാനും. യൂറോപ്യൻ യൂണിയന്റെ ഭരണപരമായ നടപടികൾ സ്വീകരിക്കാനുള്ള സംവിധാനമായ യൂറോപ്യൻ കമ്മിഷൻ ഇക്കാര്യം ചർച്ച ചെയ്ത് ഒരു ശുപാർശ തയാറാക്കിയിരിക്കുന്നു. ഇപ്പോഴത്തെ ആൻഡ്രോയ്ഡ് ഫോണുകളിലും മറ്റു ഗാഡ്ജറ്റുകളിലുമുള്ളതുപോലെ ടൈപ് സി ചാർജിങ് പോർട്ടും കണക്ടറും മതി എല്ലാ ഉപകരണത്തിനും എന്നാണ് കമ്മിഷൻ നിർദേശിക്കുന്നത്.

ഇത് ഏറ്റവുമധികം സമ്മർദത്തിലാക്കുന്നത് ആപ്പിളിനെത്തന്നെയാകും. ഫോണിൽ മറ്റെല്ലാവരും ഒരേ രീതിയാണു പിന്തുടരുന്നത്. ടാബിനും സ്പീക്കറിനും ഗെയിമിങ് കൺസോളിനും ക്യാമറയ്ക്കുമൊക്കെ ടൈപ് സി നിർബന്ധമാകും. കേബിൾ വഴി ചാർജ് ചെയ്യുന്നതിനാണ് ഈ ഐകരൂപ്യം കൊണ്ടുവരാനുള്ള ശ്രമം. വയർലെസ് ചാർജിങ്ങിനു നിയന്ത്രണം വരില്ല.

അമേരിക്കൻ കമ്പനിയായ ആപ്പിളിനെ ദ്രോഹിക്കാനാണോ യൂറോപ്പിന്റെ നീക്കം? അല്ല. ഓരോ പരിഷ്കാരവും വരുമ്പോൾ ഉപയോഗശൂന്യമാകുന്ന ചാർജറും കേബിളും ഇലക്ട്രോണിക് മാലിന്യമായി കുന്നുകൂടുന്നതു തടയാനാണിത്. പുതിയ ഫോൺ വാങ്ങുമ്പോൾ പഴയ ചാർജർ തന്നെ ഉപയോഗിക്കാനാകണം. അതിനായി ഒരു പരിഷ്കാരം കൂടി വന്നേക്കും. ഫോണിനൊപ്പം ചാർജർ കിട്ടില്ല. വേണമെങ്കിൽ പ്രത്യേകമായി വാങ്ങണം എന്ന രീതി ആലോചിക്കുന്നു.

യൂറോപ്യൻ കമ്മിഷന്റെ ശുപാർശകൾ യൂറോപ്യൻ പാർലമെന്റിലെത്തി അവിടെ അംഗീകാരം നേടിയാൽ നിയമമാകും. യൂറോപ്പിൽ നിയമമായാൽ പിന്നെ ലോകമെങ്ങും വ്യാപിക്കാൻ വലിയ താമസമില്ല. നിയമമായാൽ 2 വർഷത്തിനകം പൂർണമായും ഇത നടപ്പാക്കാൻ കമ്പനികൾ ബാധ്യസ്ഥരാകും എന്നാണു ശുപാർശയിൽ നിശ്ചയിച്ചിരിക്കുന്ന സമയക്രമം.

സ്വാഭാവികമായും ആപ്പിൾ എതിർക്കുകയാണ്. ഇന്നവേഷനു തടസ്സമാണ് ഇത്തരം നിയന്ത്രണമെന്നാണു കമ്പനിയുടെ വാദം. ഇതു സ്ഥിരം വാദമാണെന്നും കഴമ്പില്ലെന്നും യൂറോപ്യൻ കമ്മിഷൻ തിരിച്ചടിച്ചു. ഉപയോക്താക്കളുടെ ക്ഷേമമാണു മുഖ്യം എന്ന കാര്യത്തിൽ അധികൃതർക്കു സംശയമില്ല. ടൈപ് സിയുടെ കാലം!

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular