ഡൽഹി: മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമിയിലെ നിർമ്മാണങ്ങൾ ഒഴിപ്പിക്കാൻ ബുൾഡോസറുകൾ അയക്കില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയുടെ വനം പരിസ്ഥിതി ബെഞ്ചിന് മുമ്പാകെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാറിലെ ഏലം കുത്തകപാട്ട ഭൂമി സംബന്ധിച്ച് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയ ഹർജി പരിഗണിച്ചപ്പോഴായിരുന്നു സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകൻ പി വി ദിനേശ് സുപ്രധാന നിലപാട് അറിയിച്ചത്. അതേസമയം ഏലം കുത്തക പാട്ട ഭൂമിയുടെ വിസ്തീർണം സംബന്ധിച്ച ഫയൽ കൈമാറാൻ വിസമ്മതിച്ച ലാൻഡ് റവന്യു കമ്മീഷണർ എ കൗശിക്, അഡീഷണൽ സെക്രട്ടറി ടി ആർ ജയ്പാൽ എന്നിവരോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സുപ്രീം കോടതി നിർദേശിച്ചു.
1897 ൽ വന ഭൂമിയായി വിജ്ഞാപനം ചെയ്തതാണ് ഏലം കുത്തകപാട്ട ഭൂമി. 1935 ൽ തിരുവിതാംകൂർ രാജകുടുംബം ഈ ഭൂമി ഏലം കൃഷിക്കായി പാട്ടത്തിന് നൽകി. അതിന് ശേഷം പല മാറ്റങ്ങളും ഈ ഭൂമിയിൽ സംഭവിച്ചു. അതിനാൽ അവിടേക്ക് ഒഴിപ്പിക്കലിന് ബുൾഡോസറുകൾ അയക്കില്ലെന്ന് പി വി ദിനേശ് സുപ്രീം കോടതിയിൽ വ്യക്തമാക്കി.