ചമ്പക്കുളം : കൊയ്ത്തുകഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും സംഭരണം നടന്നില്ല. കർഷകർ പ്രതിസന്ധിയിൽ. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചെമ്പടി ചക്കംകരി പാടശേഖരത്തെ കർഷകരാണു പ്രതിസന്ധിയിലായിരിക്കുന്നത്. 350 ഏക്കറുള്ള പാടത്ത് വിളവെടുപ്പ് കഴിഞ്ഞിട്ട് ഒൻപത് ദിവസത്തോളമായി. മില്ലുടമകൾ അമിത കിഴിവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭരണം തടസ്സപ്പെട്ടത്. ഒരു ക്വിന്റൽ നെല്ലിന് 15 കിലോ നെല്ല് കിഴിവ് ആവശ്യപ്പെടുകയായിരുന്നു. എല്ലാ മാനദണ്ഡപ്രകാരവും പാഡി ഉദ്യോഗസ്ഥർ നടത്തിയ ഗുണനിലവാര പരിശോധനപ്രകാരം 8.28 കിലോഗ്രാം കിഴിവുനൽകിയാൽ മതിയാകും.
ഈ കിഴിവുനൽകാൻ കർഷകർ തയ്യാറുമാണ്. എന്നാൽ മില്ലുടമകൾ ഈ കിഴിവിൽ നെല്ലെടുക്കാൻ തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ചമ്പക്കുളം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇടപെട്ട് പരിഹാരമുണ്ടാക്കി വ്യാഴാഴ്ചമുതൽ നെല്ലുസംഭരണം ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. എന്നാൽ കൃഷി അസി ഡയറക്ടറുടെ ഇടപെടലും വിജയം കണ്ടില്ല. ഇന്നലെ മറ്റു രണ്ട് മില്ലുകാർ കൂടി സാംപിൾ എടുത്തുകൊണ്ടുപോയിരിക്കുകയാണ്. ഒറ്റപ്പെട്ടു പെയ്യുന്ന മഴയാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.