കോഴഞ്ചേരി : വേനലിനും മുൻപേ പമ്പയാറിന്റെ തീരങ്ങൾ വരണ്ടു തുടങ്ങി. ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാകാത്തതിനാല്‍ പൈപ്പുകളിൽ വെള്ളമെത്തുന്നതിന് ഇനിയും മാസങ്ങളെടുക്കും. ഇവിടെ നൂറോളം വീട്ടുകാർക്ക് പൈപ്പിൽ വെള്ളം കിട്ടിയിട്ട് 3 മാസം ആയെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ് പറഞ്ഞു. വഞ്ചിത്ര, കുന്നത്തുകര എന്നിവിടങ്ങളിൽ വീടുകളിൽ പൈപ്പിടൽ പൂർത്തിയായിട്ട് 5 മാസത്തോളമായി.
എന്നാൽ ടൗൺ വാർഡിലെ പൈപ്പ് മാറ്റിയിടാത്തത് കാരണമാണ് ഇവിടേക്ക് വെള്ളമെത്താത്തതെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം. അതോടൊപ്പം കോളേജ് റോഡിലെ വാൽവിന്റെ പിഴവ് കൂടിയായപ്പോൾ പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ വഞ്ചിത്രയിലേക്ക് വെള്ളം എത്താതായി. കുരങ്ങുമല സംഭരണിയിൽ നിന്നുള്ള വെള്ളം വഞ്ചിത്രയിൽ കിട്ടണമെങ്കിൽ ടൗണിലെ മുഴുവൻ പൈപ്പുകളും മാറ്റിയിട്ട് കഴിയണം. എന്നാൽ തെക്കേമലയിൽ നിന്ന് പൊന്നുംതോട്ടം ക്ഷേത്രം വരെയുള്ള ഭാഗത്ത് പണി പൂർത്തിയായി നല്ല ശക്തിയിൽ വെള്ളം എത്തുന്നുണ്ട്.
ഈ പൈപ്പിൽ നിന്ന് വഞ്ചിത്രയിലേക്ക് കണക്‌ഷൻ കൊടുത്താൽ എല്ലാ വീടുകളിലും വെള്ളം എത്തുമെന്ന് മിനി സുരേഷ് പറഞ്ഞു. ഈ ആവശ്യം ജല അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ഇവിടെയുള്ളവർ 3 മാസമായി വെള്ളം വില കൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. 500 ലിറ്റർ വെള്ളത്തിന് 1000 രൂപ വരെയാണ് ഈടാക്കുന്നത്. വസ്തു കുറവായത് കാരണം ഇവിടെയുള്ള മിക്ക വീട്ടുകാർക്കും കിണറില്ല. പള്ളി വക കിണറ്റിൽ നിന്ന് കുറെ വീട്ടുകാർ വെള്ളമെടുക്കുന്നുണ്ട്. എന്നാൽ ഈ കിണറ്റിലും വേനൽ ശക്തമായതോടെ വെള്ളം കുറവാണ്.