കെയ്റോ : കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സൂയസ് കനാലില്‍ കുടുങ്ങി ദിവസങ്ങളോളം ചരക്കുകടത്ത് തടസ്സപ്പെടുത്തിയ ജപ്പാന്‍ കപ്പല്‍ ‘എവര്‍ ഗിവണി’നെ വിട്ടയക്കാന്‍ ഈജിപ്ത് സര്‍ക്കാര്‍. ദീര്‍ഘമായി കോടതി കയറിയ നഷ്ട പരിഹാര തര്‍ക്കം ഒടുവില്‍ തീര്‍പ്പായതോടെയാണ് ജൂലൈ ഏഴിന് സൂയസ് വിടാമെന്ന് കനാല്‍ അധികൃതര്‍ അറിയിച്ചത്.
ശക്തമായ കാറ്റില്‍ മണല്‍തിട്ടയില്‍ കുടുങ്ങിയ കപ്പല്‍ ആറു ദിവസമാണ് വഴിമുടക്കി കനാലിന്റെ വീതി കുറഞ്ഞ ഭാഗത്ത് വിലങ്ങനെ നിന്നത്. ഇതോടെ യൂറോപ്പിലേക്കും ഏഷ്യയിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കുമുള്ള ചരക്ക് കടത്ത് തടസ്സപ്പെട്ടു. സൂയസ് നഗരമായ ഇസ്മാഈലിയയില് ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ച് കപ്പല്‍ വിട്ടയക്കല്‍ ആഘോഷമാക്കാനാണ് അധികൃതരുടെ തീരുമാനം.
വിട്ടുനല്‍കല്‍ കരാര്‍ പ്രകാരം സൂയസ് കനാലിന് 75 ടണ്‍ ശേഷിയുള്ള ഒരു ടഗ് ബോട്ട് ലഭിക്കും. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ സൂയസ് കനാല്‍ വഴിയുളള ചരക്കു കടത്ത് വകയില്‍ ഈജിപ്തിന് ലഭിച്ചത് 300 കോടി ഡോളര്‍ (22,358 കോടി രൂപ) ആണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.8 ശതമാനം കൂടുതല്‍. രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചെലവ് ഇനത്തില്‍ 91.6 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം. തുക പിന്നീട് 55 കോടി ഡോളറായി ചുരുക്കി.