ഭോദ്കി : ഏറ്റവും കൂടുതൽ കാലം പെൻഷൻ കൈപ്പറ്റിയ മുൻ സൈനികൻ 100-ാം വയസ്സിൽ അന്തരിച്ചു. ബോയ്ട്രം ദുഡിയെന്നയാളാണ് മരിച്ചത്. 66 വർഷത്തോളം കാലം പെൻഷൻ വാങ്ങുന്ന ദുഡി രാജസ്ഥാനിലെ ജുൻജുനുവിലെ ഭോദ്കി ഗ്രാമത്തിൽ നിന്നുള്ളയാളാണ്. 1957ൽ ബോയ്ട്രം വിരമിക്കുമ്പോൾ 19 രൂപ പെൻഷൻ ലഭിച്ചിരുന്നു. അത് 66 വർഷത്തിനുശേഷം 35,640 രൂപയായി ഉയർന്നു. ഇപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ ചന്ദാ ദേവി സൈനയ്ക്ക് (92) നിയമപ്രകാരം ആജീവനാന്ത പെൻഷൻ ലഭിക്കും.
ദുഡി രണ്ടാം ലോകമഹായുദ്ധത്തിൽ പോരാടുകയും ധീരതയ്ക്ക് ആദരം ലഭിക്കുകയും ചെയ്തിരുന്നു. പതിനേഴര വയസ്സുള്ളപ്പോഴാണ് ദുഡി സൈന്യത്തിൽ ചേരുന്നത്. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോൾ ലിബിയയിലും ആഫ്രിക്കയിലും യുദ്ധത്തിന് അയച്ചു. ബോയ്ട്രാമിന് ഭാര്യയും ധരംവീർ, മുകന്ദരം എന്നീ രണ്ട് ആൺമക്കളും ധരംവീർ, സത്യപ്രകാശ്, മുകേഷ്, സുർജിത്ത് എന്നീ നാല് പേരക്കുട്ടികളുമുണ്ട്.