പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജിന് പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ നാഷണൽ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് പ്ലസ് പദവി ലഭിച്ചു. ജില്ലയിലെ ഏതാനും കോളേജുകള്‍ക്ക് മാത്രമാണ് എ പ്ലസ് പ്ലസ് പദവി ലഭിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനാണ് പദവി ലഭിച്ചതെന്ന് പ്രിന്‍സിപ്പാള്‍ ഡോ. സുനില്‍ ജേക്കബും ബര്‍സാര്‍ ഡോ. റെന്നി പി വര്‍ഗീസും പറഞ്ഞു. 12 ഡിപ്പാർട്ടുമെന്റുകളിലായി 13 ബിരുദ കോഴ്സുകളും 15 ബിരുദാനന്തര ബിരുദ കോഴ്സുകളും 10 ഗവേഷണ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ 19 സർട്ടിഫിക്കറ്റ് കോഴ്സുകളും വിവിധ നൈപുണി വികസന പ്രോഗ്രാമുകളും ഡിപ്പാർട്ടുമെന്റുകളുടെ ഭാഗമായി നടന്നു വരുന്നു.
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പഠനകേന്ദ്രം, വിപുലമായ പുസ്തകശേഖരവും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമുളള വിശാലമായ ലൈബ്രറി, മികച്ച ഗവേഷണസൗകര്യങ്ങളമുളള ലബോറട്ടറികൾ, ആരോഗ്യപരിചരണത്തിനുളള ഇൻഫർമറി, ഓപ്പൺ ജിം, യോഗാ സെന്റർ, മാധ്യമ പ്രവർത്തനത്തിന് സഹായകമായ മീഡിയ സെന്റർ, മിനി ഡിജിറ്റൽ തീയറ്റർ, ഭാഷാ പഠനത്തിന് ഉപയുക്തമായ ലാംഗ്വേജ് ലാബ്, സയൻസ് ഡിപ്പാർട്ടുമെന്റുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഹെർബേറിയം, ജിഞ്ചർ ഹൗസ്, ബട്ടർ ഫ്ളൈ ഗാർഡൻ, ഓർണമെന്റൽ ഫിഷ് ബ്രീഡിങ്, വെർമി കൾച്ചർ എന്നിങ്ങനെ ഈ സ്ഥാപനത്തിനുളള പഠന, പഠനാനുബന്ധ സൗകര്യങ്ങൾ നിരവധി വേറെയുമുണ്ട്.