കണ്ണൂര്‍ : ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ച 28കാരനായ എക്സൈസ് ജീവനക്കാരന് മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി കുടുംബം രംഗത്ത്. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്നും മരിക്കാന്‍ പോവുകയാണെന്നും പറഞ്ഞ് ആശുപത്രിയില്‍ നിന്നും ബന്ധുക്കളോട് സുനില്‍ സംസാരിക്കുന്ന ഫോണ്‍ റെക്കോര്‍ഡ് കുടുംബം പുറത്തുവിട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച് മട്ടന്നൂരിലെ എക്സൈസ് ഡ്രൈവര്‍ സുനിലിനെ പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഐസിയുവില്‍ നിന്നും ജ്യേഷ്ഠനും ബന്ധുവായ ഒരു സ്ത്രീയ്ക്കും സുനില്‍ അയച്ച ഓഡിയോ സന്ദേശമാണ് കുടുംബം ഇപ്പോള്‍ പുറത്ത് വിട്ടത്. അതേസമയം പൂര്‍ണ ആരോഗ്യവാനായ 28 കാരന് രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മരിച്ചതില്‍ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പരാതിയുമായി സുനിലിന്റെ കുടുംബം എത്തിയത്.
എന്നാല്‍ കുടുംബത്തിന്റെ ആരോപണം പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ നിഷേധിച്ചിരുന്നു. ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ കടുത്ത ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നുവെന്ന് ഡിഎംഒയും നേരത്തെ പ്രതികരിച്ചിരുന്നു. വ്യാഴാഴ്ചയാണ് സുനില്‍ മരിച്ചത്.