കാസര്‍ഗോഡ് : വില്പനയ്ക്കുള്ള നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ചുനല്‍കുന്നത് എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിയുടെ മൊഴി. നിരോധിത പുകയില ഉത്പന്നങ്ങളുമായി കാസര്‍കോട് അമ്പലത്തറ പോലീസ് പിടികൂടിയ ആറങ്ങാടി സ്വദേശി നാസറാണ് എക്സൈസ് ഉദ്യോഗസ്ഥനെതിരേ മൊഴി നല്‍കിയത്. സംഭവത്തില്‍ പോലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് നിരോധിത പുകയില ഉത്പന്നങ്ങളുമായി നാസറിനെ പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യംചെയ്തതോടെയാണ് തനിക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കുന്നത് കുമ്പള എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസറാണെന്ന് മൊഴി നല്‍കിയത്. കുമ്പള എക്‌സൈസ് പിടിച്ചെടുത്ത് ഓഫീസില്‍ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങളാണ് ഉദ്യോഗസ്ഥന്‍ നല്‍കിയിരുന്നതെന്നും പ്രതി വെളിപ്പെടുത്തി.
ലഹരിക്കെതിരേ പോലീസും എക്‌സൈസും കര്‍ശനമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥനെതിരേ ആരോപണമുയര്‍ന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏറെ ഗൗരവത്തോടെയാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. അന്വേഷണം വഴിതെറ്റിക്കാനുള്ള പ്രതിയുടെ ശ്രമമാണോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.