എറണാകുളം : എൽഡിഎഫുമായുമുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി എൻസിപി എറണാകുളം ജില്ലാ കമ്മിറ്റി. സിപിഐ (എം)യുമായി സഹകരിക്കേണ്ടതില്ലെന്ന് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൾ അസീസ് പറഞ്ഞു. ടിപി പീതാംബരൻ മാസ്റ്റർ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഇടതുമുന്നണിയുമായുള്ള ബന്ധം അവസാനിപ്പിക്കുവാന്‍ എൻസിപി തീരുമാനിച്ചത്.
എൻസിപിയെ ജില്ലയിൽ സിപിഐ(എം) ചതിച്ചെന്ന് നേതാക്കൾ പറഞ്ഞു. സിപിഐഎമ്മുമായി സഹകരിച്ച് ഇനി മുന്നോട്ടു പോകാൻ കഴിയില്ലെന്നും എൻസിപി ജില്ലാ പ്രസിഡണ്ട് ടിപി അബ്ദുൽ അസീസ് വ്യക്തമാക്കി. സിപിഐഎമ്മിന്റെ നടപടി മാടമ്പിത്തരം ആണെന്നും എൻസിപി. സിപിഎമ്മിന്റെ ബീ ടീം അല്ല എൻസിപി എന്നും നേതാക്കൾ പറഞ്ഞു. അതേസമയം എൻസിപി നേതാക്കളുമായി സമവായ ചർച്ച വേണ്ട എന്ന തീരുമാനത്തിലാണ് ജില്ലയിലെ സിപിഐ(എം).