ഗാസ: ഗാസയിൽ കഴിയുന്ന മുഴുവൻ പലസ്തീനികളെയും ഘട്ടംഘട്ടമായി വിദേശരാജ്യങ്ങളിലേക്ക് മാറ്റാൻ ലക്ഷ്യമിട്ട 20 പേജുള്ള പദ്ധതി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ അവതരിപ്പിച്ചു. വരാനിരിക്കുന്ന ഇസ്രയേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പദ്ധതി മുന്നോട്ടുവച്ചത്. ആദ്യ വർഷം 2.5 ലക്ഷം പലസ്തീനികളെ ഗാസയിൽനിന്ന് മാറ്റുകയും തുടർന്ന് ആറ് വർഷത്തിനുള്ളിൽ ശേഷിക്കുന്ന ഏകദേശം 20 ലക്ഷം പേരെയും ഘട്ടംഘട്ടമായി വിദേശത്തേക്ക് മാറ്റുകയുമാണ് ലക്ഷ്യമെന്ന് ബെൻ ഗ്വിർ വ്യക്തമാക്കി. പദ്ധതിക്ക് ‘സ്വമേധയാ കുടിയേറ്റം’ എന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകുന്നത്.ഗാസക്കാരെ സ്വീകരിക്കാൻ ചില രാജ്യങ്ങൾ തയ്യാറാണെന്നും ബെൻ ഗ്വിർ അവകാശപ്പെട്ടു. എന്നാൽ ഏത് രാജ്യങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഗാസക്കാരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കണമെന്നും പദ്ധതി പ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പലസ്തീനികളെ അവരുടെ സ്വന്തം മണ്ണിൽനിന്ന് നിർബന്ധിച്ച് പുറത്താക്കുകയല്ല പദ്ധതിയുടെ ലക്ഷ്യമെന്നും ബെൻ ഗ്വിർ അവകാശപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഗാസയിൽനിന്ന് പുറത്തുപോകുന്നവർക്ക് സ്വീകരിക്കുന്ന രാജ്യങ്ങളും നിയമപരമായ രേഖകളും യാത്രാസൗകര്യങ്ങളും ഉൾപ്പെടുന്ന സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും നിർദേശങ്ങളുണ്ട്.
ഒന്നര വർഷം കൊണ്ട് തയ്യാറാക്കിയ പദ്ധതി; കുടിയേറ്റത്തിന് പ്രത്യേക മന്ത്രാലയം
ഏകദേശം ഒന്നര വർഷം കൊണ്ടാണ് 20 പേജുള്ള പദ്ധതി തയ്യാറാക്കിയതെന്ന് ബെൻ ഗ്വിർ അറിയിച്ചു.
അടുത്ത സർക്കാർ രൂപീകരിക്കുമ്പോൾ കുടിയേറ്റത്തിനായി പ്രത്യേക മന്ത്രാലയം വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കും.
ഇസ്രയേൽ–പലസ്തീൻ തർക്കത്തിന് അന്തിമപരിഹാരം കാണാനുള്ള പദ്ധതിയാണിതെന്നും ബെൻ ഗ്വിർ അവകാശപ്പെട്ടു. സ്വീകരിക്കുന്ന രാജ്യങ്ങളുമായി ധാരണ, നിയന്ത്രിത കുടിയേറ്റ പാതകൾ, താമസ-തൊഴിൽ സഹായം എന്നിവ ഉൾപ്പെടുന്ന സംവിധാനമാണ് പദ്ധതിയിൽ മുന്നോട്ടുവയ്ക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ നിർബന്ധിത കുടിയൊഴിപ്പിക്കൽ സംബന്ധിച്ച ആശങ്കകളും പദ്ധതിക്കെതിരെ ഉയരുന്നുണ്ട്. അധീന പ്രദേശങ്ങളിൽ സാധാരണക്കാരെ നിർബന്ധമായി മാറ്റിപ്പാർപ്പിക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതേസമയം, ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഗാസക്കാരെ പുറത്തേക്ക് മാറ്റാനുള്ള പദ്ധതിക്ക് അമേരിക്കയുടെ പിന്തുണ തേടുന്നതായി അടുത്തിടെ പറഞ്ഞിരുന്നു. സമാനമായ ആശയങ്ങൾ ഇസ്രയേൽ സർക്കാരിലെ മറ്റു വലതുപക്ഷ നേതാക്കളും മുന്നോട്ടുവച്ചിട്ടുള്ള സാഹചര്യത്തിൽ, ബെൻ ഗ്വിറിന്റെ പുതിയ പദ്ധതി ഗാസയിലെ ജനസംഖ്യയെ മാറ്റിപ്പാർപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച വീണ്ടും ശക്തമാക്കുകയാണ്.































