കല്‍പ്പറ്റ : മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണം തട്ടിയയാള്‍ അറസ്റ്റില്‍. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടില്‍ വി.എസ്. രതീഷ്‌മോനെ(37)യാണ് വയനാട് സൈബര്‍ പോലീസ് പിടികൂടിയത്. എറണാകുളത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. വയനാട് സ്വദേശിനിയാണ് തട്ടിപ്പിനിരയായത്.
മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയില്‍ നിന്നും 85,000 രൂപയാണ് ഇയാള്‍ തട്ടിയത്.
ആള്‍മാറാട്ടം നടത്തി വ്യാജ പ്രൊഫൈല്‍ വഴി പരിചയപ്പെട്ട യുവതിയെ ഫോണിലൂടെയും വാട്‌സ്ആപ്പ് വഴിയും ബന്ധപ്പെട്ടു. പിന്നീട് യുവതിയുടെ ബന്ധുക്കളെയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. ജനുവരിയില്‍ പലപ്പോഴായി യുവതിയില്‍ നിന്നും ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി 85,000 രൂപ യുവാവ് കൈക്കലാക്കി. പീന്നീട് സംശയം തോന്നി വിവരങ്ങള്‍ ചോദിച്ചതോടെ ഇയാള്‍ യുവതിയെ ബ്ലോക്ക് ചെയ്തു. ഇതോടെ യുവതിയും കുടുംബവും പോലീസിനെ സമീപിക്കുകയായിരുന്നു.2023-ല്‍ എറണാകുളം ഹില്‍ പാലസ് സ്റ്റേഷനില്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കേസുണ്ട്.