വാഷിങ്ടന്‍: തായ്‌വാനില്‍ അമേരിക്കയോട് കൊമ്പു കോര്‍ത്ത് ചൈന. തായ്‌വാന്റെ പ്രതിരോധ സേനയിലേയ്ക്ക് പുതിയ ജെറ്റ് വിമാനങ്ങള്‍ നല്‍കാന്‍ യുഎസ് കരാര്‍ ഒപ്പിട്ടതോടെയാണ് ചൈനയുമായുള്ള ശത്രുത അമേരിക്ക വീണ്ടും ഊട്ടി ഉറപ്പിച്ചത്. ചൈനയുടെ എതിര്‍പ്പ് മറികടന്ന് അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങള്‍ കൈമാറുന്ന കരാറിലാണ് യുഎസും തായ്‌വാനും ഒപ്പുവെച്ചത്. പ്രതിരോധത്തിനായി തായ്‌വാന് ആയുധം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് തായ്‌വാനു വേണ്ടി വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത്.
66 അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങളാണ് യുഎസ് തായ്‌വാനു നല്‍കുക. കരാര്‍ പ്രകാരമുള്ള വിമാനങ്ങളുടെ കൈമാറ്റം 2026 ഓടെ പൂര്‍ത്തിയാകും. യുഎസും തായ്‌വാനും തമ്മില്‍ ഒപ്പുവെയ്ക്കുന്ന ഏറ്റവും വലിയ ആയുധ കരാറാണിത്. ചൈന സ്വന്തം പ്രവിശ്യയായി കാണുന്ന തായ്‌വാനുമായി അമേരിക്ക അടുപ്പം കൂടുന്നത് ചൈനയ്ക്ക് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ തായ്‌വാന് ആയുധങ്ങള്‍ നല്‍കുന്നതും സൈനിക ധാരണാപത്രങ്ങളില്‍ ഏര്‍പ്പെടുന്നതുമായ കാര്യങ്ങളില്‍നിന്നു യുഎസ് അടിയന്തരമായി പിന്മാറണമെന്നു ചൈന ആവശ്യപ്പെട്ടിരുന്നു. തായ്‌വാന് മേല്‍ ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍ ഈ എതിര്‍പ്പിനെ അവഗണിച്ച് ഇരികൂട്ടരും കരാറില്‍ ഒപ്പുവെയ്ക്കുക ആയിരുന്നു.
സ്വതന്ത്ര രാജ്യമാകാന്‍ കൊതിക്കുന്ന തയ്‌വാനു യുഎസ് ആയുധം വില്‍ക്കുന്നതിനെ എക്കാലത്തും ശക്തമായി എതിര്‍ക്കുന്ന സമീപനമാണ് ചൈനയുടേത്. എന്നാല്‍ ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് അമേരിക്കയുമായി തായ്‌വാന്‍ കരാര്‍ ഒപ്പിടുക ആയിരുന്നു. കരാറിനെതിരെ ചൈന വന്‍ പ്രതിഷേധം ഉയര്‍ത്തി. യുഎസ് ഒപ്പു വെച്ചതോടെ മുഖ്യകരാറുകാരായ ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷനു മേല്‍ ചൈന ഉപരോധം ഏര്‍പ്പെടുത്തി. ഇതോടെ ചൈനയില്‍ യാതൊരു തരത്തിലുള്ള ആയുധ ഇടപാടുകളും നടത്താന്‍ ലോക്ഹീഡ് മാര്‍ട്ടിനു കഴിയില്ല. അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങള്‍ കൈമാറുന്ന കരാര്‍ കഴിഞ്ഞ വര്‍ഷം തന്നെ ട്രംപ് ഭരണകൂടം അംഗീകരിച്ചിരുന്നു. ഏതാനം നടപടി ക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി പൂര്‍ത്തിയാക്കുകയും ചെയ്തു.
ദിവസങ്ങള്‍ക്കു മുന്‍പ് യുഎസ് ഹെല്‍ത്ത് സര്‍വ്വീസ് സെക്രട്ടറി അലക്‌സ് അസര്‍ തായ്‌വാന്‍ സന്ദര്‍ശിച്ചു രാജ്യത്തിന്റെ പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയും ചൈന പ്രതിഷേധവുമായി രംഗത്തു വന്നു. 1979നു ശേഷം ഇവിടെ സന്ദര്‍ശിക്കുന്ന മുതിര്‍ന്ന റാങ്കിലുള്ള കാബിനറ്റ് അംഗമാണ് അസര്‍. സന്ദര്‍ശനത്തിനു പിന്നാലെ പ്രതിഷേധ സൂചകമായി തായ്‌വാന്റെ വ്യോമമേഖലയില്‍ ചൈനീസ് ജെറ്റുകള്‍ നുഴഞ്ഞുകയറി. 2019 ജനുവരി രണ്ടിന് ബെയ്ജിങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് നടത്തിയ പ്രസംഗത്തില്‍ സ്വതന്ത്ര രാജ്യമാകാമെന്നു തായ്‌വാന്‍ മോഹിക്കേണ്ടെന്ന് ഊന്നിപ്പറഞ്ഞിരുന്നു. ചൈനയെ വിഭജിക്കാനും ആളുകള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്നു മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തായ്‌വാനെ ചൈനയില്‍നിന്നു വേര്‍പെടുത്താനുള്ള യുഎസിന്റെ ഓരോ ശ്രമത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ചൈന പ്രഖ്യാപിക്കുകയും ചെയ്തു. തായ്‌വാന്‍ (ചൈനീസ് തായ്‌പേയ്) സ്വന്തം പ്രവിശ്യയാണെന്നാണു ചൈനയുടെ വാദം. ചൈന വന്‍കരയില്‍ നിന്ന് 180 കിലോമീറ്റര്‍ മാത്രമകലെയാണ് ഒരു ദ്വീപും ഏതാനം കൊച്ചു ദ്വീപുകളും അടങ്ങുന്ന 36,197 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം. ചൈന സ്വന്തം ഭാഗമായി കാണുമ്പോള്‍ 70 വര്‍ഷത്തോളമായി തായ്‌വാന്‍ പ്രവര്‍ത്തിക്കുന്നത് സ്വതന്ത്ര രാജ്യമെന്ന പോലെയാണ്. 1949 ലാണ് ചൈനയില്‍നിന്ന് വേര്‍പെട്ട് തായ്‌വാന്‍ നിലവില്‍ വന്നത്.