കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ സിഐടിയുവില്‍ നിന്നും നേരിട്ടത് അതിക്രൂര പീഡനമെന്ന് ബസുടമ. സിപിഐഎം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ബസുടമ രാജ് മോഹന്‍ പറഞ്ഞു. ഭണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്തയാളാണ് ഹൈക്കോടതി വിധി മാനിക്കാത്തത്. എന്തുമാകാം ഏതറ്റംവരെയും അക്രമം നടത്താമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാജ് മോഹന്‍ പറഞ്ഞു. അതേസമയം ബസുടമയ്ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പോലീസിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവിയും, സ്റ്റേഷന്‍ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ നേരിട്ടുള്ള വിമര്‍ശനം. പോലീസ് സംരക്ഷണ ഉത്തരവ് നിലനില്‍ക്കെയാണ് ബസുടമ ആക്രമിക്കപ്പെട്ടത്. ആ സമയം എത്ര പോലീസുകാര്‍ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിക്കുകയുണ്ടായി. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പൗരന്‍മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ട് എന്നും കോടതി പറഞ്ഞു.