കണ്ണൂര്‍ : കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടും രോഗമില്ലെന്നു സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ എയര്‍ ഇന്ത്യ ജീവനക്കാരനെതിരേ കേസ്. കണ്ണൂര്‍ തില്ലങ്കേരി സ്വദേശിക്കെതിരേയാണു പോലീസ് കേസെടുത്തത്. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് പകര്‍ച്ചവ്യാധി നിയമ പ്രകാരമാണു മുഴക്കുന്ന് പോലീസ് എയര്‍ ഇന്ത്യ ജീവനക്കാരനായ കോവിഡ് രോഗിക്കെതിരെ കേസെടുത്തത്.
മെയ് 29 ന് ആയിരുന്നു എയര്‍ ഇന്ത്യ ജീവനക്കാരനും ഭാര്യക്കും കോവിഡ് രോഗം സ്ഥിരീകരിച്ചത്. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും തങ്ങള്‍ക്കു രോഗമില്ലെന്നു സമൂഹ മാധ്യമങ്ങളിലൂടെ മുന്‍പ് നടത്തിയ പരിശോധന ഫലം പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ഇയാള്‍ പ്രചാരണം നടത്തുകയായിരുന്നു.