പത്തനംതിട്ട; വിവരാവകാശ അപേക്ഷ നൽകി നാലുവർഷം കഴിഞ്ഞിട്ടും വിവരം നൽകാത്ത സംഭവത്തിൽ രണ്ട് അസിസ്റ്റന്റ് എൻജിനീയർമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ വിവരാവകാശ കമ്മീഷൻ ഉത്തരവ്. അപേക്ഷകനും വിവരാവകാശ പ്രവർത്തകനുമായ റഷീദ് ആനപ്പാറ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നൽകുന്നതിൽ വീഴ്ച വരുത്തിയ പേരിലാണ് പത്തനംതിട്ട നഗരസഭ അസിസ്റ്റന്റ് എൻജിനീയർ അനിത, പത്തനംതിട്ട നഗരസഭ മുൻ വിവരാവകാശ ഉദ്യോഗസ്ഥനും പീരുമേട് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറും ആയ ബിനു. കെ. ജി എന്നിവർരെ ശിക്ഷിക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് വിവരാവകാശ കമ്മീഷൻ നൽകിയിരിക്കുന്നത്.
തന്റെ വീടിനു മുൻപിലൂടെയുള്ള ആനപ്പാറ – തോലിയാനിക്കര റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ഫയലിന്റെ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് റഷീദ് ആനപ്പാറ 20/02/2018 ൽ നഗരസഭ വിവരാവകാശ ഉദ്യോഗസ്ഥന് അപേക്ഷ നൽകിയിരുന്നു. എന്നാൽ പത്തനംതിട്ട നഗരസഭ വിവരാവകാശ ഉദ്യോഗസ്ഥൻ നൽകിയ മറുപടിയിൽ ആവശ്യപ്പെട്ട വിവരം നൽകിയിരുന്നില്ല. ഇതിനെ തുടർന്ന് റഷീദ് ആദ്യ അപ്പീൽ അധികാരിയായ പത്തനംതിട്ട നഗരസഭാ സെക്രട്ടറിക്ക് വിവരാവകാശ നിയമം 19 (1 )പ്രകാരം ആദ്യ അപ്പീൽ നൽകി. റഷീദ് ആവശ്യപ്പെട്ട വിവരങ്ങൾ പെട്ടെന്ന് നൽകാൻ അപ്പീൽ അധികാരി ആയ അന്നത്തെ നഗരസഭാ സെക്രട്ടറി മുംതാസ് നഗരസഭ വിവരാവകാശ ഉദ്യോഗസ്ഥൻ കൂടിയായ അസിസ്റ്റൻറ് എൻജിനീയർക്ക് നിർദ്ദേശം നൽകി.
എന്നാല്‍ മാസങ്ങൾ കഴിഞ്ഞിട്ടും വിവരങ്ങൾ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് റഷീദ് സംസ്ഥാന വിവരാവകാശ കമ്മീഷനെ 9/10/2018 ൽ സമീപിക്കുകയായിരുന്നു. 2022 ഡിസംബർ പതിനഞ്ചാം തീയതിക്ക് മുൻപായി റഷീദിന് വിവരം നൽകാത്തതിന്റെ കാരണം സമർപ്പിക്കാനാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഇവർ റിപ്പോർട്ട് നൽകുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നഗരകാര്യ ഡയറക്ടർക്കും പഞ്ചായത്ത് ഡയറക്ടർക്കും വിവരാവകാശ കമ്മീഷണർ അബ്ദുൽ ഹക്കീം ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിട്ടും ഇതുവരെ തനിക്കു മറുപടി ലഭിച്ചിട്ടില്ലെന്ന് റഷീദ് ആനപ്പാറ പറഞ്ഞു.