തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മങ്ങൽ ഉണ്ടായോയെന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർഡുതല സമിതികൾ രൂപീകരിക്കുന്നതിൽ ചില തദ്ദേശസ്ഥാപനങ്ങൾ വീഴ്ചവരുത്തി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് വീഴ്ച. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലും അലംഭാവമുണ്ട്. ഇത് അടിയന്തിരമായി തിരുത്തണം.
വാക്സിനേഷനിൽ വാർഡുതല സമിതി അംഗങ്ങൾക്ക് മുൻഗണന നൽകും. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ ഇവർ മുൻകയ്യെടുക്കണം. ആംബുലൻസിന് പകരം വാഹനങ്ങൾ കരുതിവെയ്ക്കണം. പ്രതിരോധത്തിലുള്ള പാളിച്ചകളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പോലീസിനെയോ ജില്ലാ ഭരണകൂടത്തിനെയോ അറിയിക്കാം. മെഡിക്കൽ സ്റ്റോറുകളിൽ മരുന്നില്ലെങ്കില്‍ എത്തിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കൂടിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിക്കുന്നതിനു വിളിച്ച യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ വിലയിരുത്തി. ഇതുവരെ ഉന്നത ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിരുന്നത്. എന്നാൽ താഴെ തട്ടിലെ പോരായ്മകൾ പരിഹരിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേർത്തത്.