വാളയാർ : വാളയാർ വിഷമദ്യ ദുരന്തത്തിൽ ചെല്ലങ്കാവ് കോളനിയിലുള്ളവർ കഴിച്ച വിഷമദ്യം കണ്ടെത്തിയെന്ന് പോലീസ്. ചെല്ലങ്കാവ് കോളനിക്ക് സമീപത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് ചാക്കിൽ കെട്ടിൽ കന്നാസിൽ സൂക്ഷിച്ച മദ്യം കണ്ടത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വിഷമദ്യം. കഴിഞ്ഞ ദിവസമാണ് വാളയാറിൽ വിഷമദ്യ ദുരന്തം നടന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് അഞ്ച് പേർ വ്യാജമദ്യം കഴിച്ച് മരിച്ചത്. രാമൻ എന്നയാൾ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ഒരു മണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു.
ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം രണ്ട് മൃതദേഹങ്ങളും സംസ്‌കരിച്ചു. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ ഇവർക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരിച്ചു. ഇതോടെ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മൂർത്തിയെന്ന യുവാവ് അവിടെ നിന്ന് മുങ്ങി. ഇയാളെ പിന്നീട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. വ്യാജമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അരുണാണ് അവസാനം മരിച്ചത്.