കണ്ണൂര്‍ : തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിന്റെ ഐഎഎസ് പദവി റദ്ദാക്കാന്‍ ശുപാര്‍ശ. ഇതു സംബന്ധിച്ച് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ആസിഫ് സമര്‍പ്പിച്ച ഒബിസി സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് ഐഎഎസ് പദവിയും സര്‍ട്ടിഫിക്കറ്റുകളും റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഓള്‍ ഇന്ത്യ സര്‍വ്വീസ് പ്രൊബേഷന്‍ നിയമത്തിലെ ചട്ടം 12 പ്രകാരം ആസിഫിനെതിരെ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം. ആസിഫ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ഐഎഎസ് നേടിയതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഒബിസി സംവരണത്തിനുള്ള മാനദണ്ഡ പ്രകാരം പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറുലക്ഷത്തില്‍ താഴെയാകണമെന്നതാണ്. എന്നാല്‍ മൂന്ന് സാമ്പത്തിക വര്‍ഷത്തിലും ആസിഫിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍ കൂടുതലാണെന്ന് തെളിഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കണയന്നൂര്‍ തഹസില്‍ദാര്‍ക്കെതിരെ നടപടി എടുക്കാനും നിദ്ദേശമുണ്ട്.