പന്തളം: വില്ലേജ് ഓഫിസറുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച് കെ.എസ്.എഫ്.ഇ പന്തളം ശാഖയില്‍ നല്‍കിയതായി പരാതി. കുരമ്പാല വില്ലേജ് ഓഫിസര്‍ ആര്. സന്തോഷ് കുമാര്‍ ഇതുസംബന്ധിച്ച് പന്തളം പോലീസില്‍ പരാതി നല്കി.
പന്തളം ശാഖയില്‍ 10/2020/224 നമ്പര്‍ ചിട്ടി പിടിക്കുന്നതിന് ജാമ്യമായാണ് വ്യാജ ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കുരമ്പാല റോയി വില്ലയില്‍ റോയി ജോസഫിന്റെ ചിട്ടിത്തുകക്ക് ജാമ്യമായി മരണപ്പെട്ട കുരമ്പാല വളത്ത് കാട്ടില്‍ വടക്കേതില്‍ ശങ്കരന്റെ ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ പതിപ്പില്‍ കുരമ്പാല വില്ലേജ് ഓഫിസറുടെ വ്യാജ ഒപ്പിട്ട് സമര്‍പ്പിക്കുകയായിരുന്നു. കെ.എസ്.എഫ്.ഇയുടെ റീജനല്‍ ഓഫിസില്‍നിന്ന് വിവരം ലഭിച്ചതോടെയാണ് കുരമ്പാല വില്ലേജ് ഓഫിസര്‍ അറിയുന്നത്. ഒരേ നമ്പറിലും ഒരേ തീയതിയിലുമുള്ള രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ കെ.എസ്.എഫ്.ഇയില്‍ ലഭിച്ചതാണ് സംശയത്തിനിടയാക്കിയത്.
വില്ലേജ് ഓഫിസര്‍ക്ക് ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷയില്‍ ശങ്കരന്റെ വീട്ടില്‍ ജീവിച്ചിരിക്കുന്ന ആറ് അംഗങ്ങളുണ്ടായിരുന്നു. ഇതാണ് ഒപ്പിട്ട് നല്‍കിയത്. എന്നാല്‍ നാല് അംഗങ്ങളുള്ള മറ്റൊരു സര്‍ട്ടിഫിക്കറ്റാണ് പന്തളം ശാഖയില്‍ നല്‍കിയത്.