അമ്പലപ്പുഴ : പള്ളി വികാരി ചമഞ്ഞ് വീട്ടിലെത്തിയയാള്‍ വൃദ്ധയുടെ ഒരു പവന്റെ സ്വര്‍ണ വളയുമായി കടന്നു. പറവൂര്‍ ഗലീലിയ പറയകാട്ടില്‍ മേരി ഫ്രാന്‍സിസിന്റെ വളയാണ് നഷ്ടപ്പെട്ടത്. മേരി ഫ്രാന്‍സിസ് മാത്രം വീട്ടിലുണ്ടായിരുന്ന സമയം പാന്റ്സും ഷര്‍ട്ടും ധരിച്ചെത്തിയ ഒരാള്‍ താന്‍ ഇറ്റലിയിലെ പള്ളി വികാരിയാണെന്ന് പരിചയപ്പെടുത്തി. വീടിന് ഐശ്വര്യമില്ലെന്നും മേരി ഫ്രാന്‍സിസിന് വളരെയധികം പ്രയാസങ്ങളുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഇത് മാറാന്‍ താന്‍ പ്രാര്‍ത്ഥന നടത്താമെന്ന് പറഞ്ഞ് മേരിയുടെ തലയില്‍ കൈ കൊണ്ട് ഉഴിഞ്ഞ ശേഷം കൈയില്‍ക്കിടന്ന വള ഊരിയെടുത്തു.
എന്തിനാണ് വള ഊരിയതെന്ന് ചോദിപ്പോള്‍ പ്രാര്‍ത്ഥനക്കാണെന്നും വൈകിട്ട് 5 മണിക്ക് തിരികെ നല്‍കാമെന്നും പറഞ്ഞ് ഇവിടെ നിന്ന് കടന്നുകളഞ്ഞു. വൈകിട്ട് ഇയാളെ കാണാതിരുന്നതിനെത്തുടര്‍ന്ന് മേരി ഫ്രാന്‍സിസ് പുന്നപ്ര സ്റ്റേഷനില്‍ പരാതി നല്‍കി. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.