പെരുനാട് : രോഗിയായ യുവാവിനെ കസേരയിൽ ചുമന്ന് വീട്ടിലെത്തിച്ചവർക്കെതിരെ കള്ള പരാതി. മാടത്തുംപടി താഴെ കോട്ടൂർ ഭാഗത്ത് രഞ്ജിത്ത് എന്ന യുവാവ് ബാംഗ്ലൂരിൽ വെച്ച് ബൈക്ക് അപകടത്തിൽ പെട്ട് കാലിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. പരസഹായമില്ലാതെ പ്രാഥമിക സൗകര്യങ്ങൾ പോലും നിർവഹിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള വഴി ഗതാഗത യോഗ്യമല്ലാത്തതിനാൽ സമീപവാസികൾ ചേർന്ന് ചുമന്നാണ് വീട്ടിലേക്കും ചികിത്സാർത്ഥം തിരികെ റോഡിലേക്കും എത്തിക്കുന്നത്.
കഴിഞ്ഞദിവസം ഇങ്ങനെ രോഗിയെയും കൊണ്ടുപോയ പത്തോളം പേർക്കെതിരെയാണ് പ്രദേശ വാസിയായ മധു എന്ന വ്യക്തി സ്ഥലം ആക്രമിച്ചു കയ്യേറി എന്ന് കള്ള പരാതി നൽകിയത്. രഞ്ജിത്തിനെ ദുരാവസ്ഥ പല തവണ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. രോഗിയായ വ്യക്തിയുടെ ദുരവസ്ഥയ്ക്ക് മാനുഷിക പരിഗണന പോലും നല്കാതെ സഹായത്തിനെത്തിയവർക്കെതിരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച മധുവിനെതിരെ പെരുനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി മാടത്തുംപടി പൗരസമിതി പ്രസിഡന്റ് ഷാജി കോട്ടൂർ സെക്രട്ടറി മോളി ഷാജി എന്നിവർ അറിയിച്ചു.