ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ട് കോടി രൂപ വിലയുള്ള മോഷണം പോയെന്ന പരാതി വ്യാജമെന്ന് പോലീസ്. വിഗ്രഹ നിര്‍മ്മാണശാലയില്‍ നിന്നും മോഷണം പോയ വിഗ്രഹം സമീപത്തെ ഒരു തോട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. വിഗ്രഹത്തില്‍ വെറും 14 ഗ്രാം സ്വര്‍ണം മാത്രമാണ് ഉപയോഗിച്ചിരുന്നെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തില്‍ അതിക്രമം കാട്ടിയ മുന്‍ ജീവനക്കാരനെ മോഷണക്കേസില്‍ പെടുത്താനുള്ള നാടകത്തിന്റെ ഭാഗമായാണ് ഉടമകള്‍ വ്യാജ പരാതി നല്‍കിയതെന്നും പോലീസ് വ്യക്തമാക്കി.
എം.സി. റോഡില്‍ കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് പോയെന്ന പരാതി പോലീസിന് ലഭിച്ചത്. ഒരു സംഘം സ്ഥാപനത്തില്‍ ആക്രമണം നടത്തി രണ്ട് കോടി രൂപ വിലയുള്ള പഞ്ചലോഹ വിഗ്രഹം കവര്‍ന്നെന്നായിരുന്നു പരാതി. ലണ്ടനിലെ കെന്റ് അയ്യപ്പക്ഷേത്രത്തിനു വേണ്ടി നിര്‍മ്മിച്ച വിഗ്രഹമാണ് മോഷണം പോയതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നില്‍ സോണി എന്ന മുന്‍ ജീവനക്കാരനാണെന്നും ഉടമകളായ മഹേഷ് പണിക്കരും പ്രകാശ് പണിക്കരും ആരോപിച്ചിരുന്നു.
പരാതിയില്‍ സംശയം തോന്നിയ പോലീസ് ഉടമകളെ ചോദ്യം ചെയ്തതോടെയാണ് മോഷണ നാടകത്തിന്റെ ചുരുളഴിഞ്ഞത്. തങ്ങളെ ആക്രമിച്ച ജീവനക്കാരനെ കവര്‍ച്ചാക്കേസില്‍ കൂടി കുടുക്കാനാണ് വ്യാജ പരാതി നല്‍കിയതെന്ന് ഉടമകള്‍ മൊഴി നല്‍കി. ഇവരുടെ മൊഴിയനുസരിച്ച് സമീപത്തെ തോട്ടില്‍ നിന്നും വിഗ്രഹം കണ്ടെക്കുകയും ചെയ്തു.