തൊടുപുഴ : തൊടുപുഴക്കാരനായ റിജോ എബ്രഹാം എന്ന യുവാവിന്റെ പേരും വിലാസവും ഉപയോഗിച്ച് ആരൊക്കെയോ മുഖ്യമന്ത്രിക്കും ഡിജിപിക്കും വ്യാജപരാതികള്‍ അയച്ചപ്പോള്‍ സ്വസ്ഥത നഷ്ടപ്പെട്ട് വട്ടം കറങ്ങുകയാണ് റിജോ എബ്രഹാം എന്ന യുവാവ്. റിജോയുടെ പേരും വിലാസവും ഉപയോഗിച്ച് 32 പരാതികളാണ് അജ്ഞാതര്‍ അയച്ചിരിക്കുന്നത്. ഇതോടെ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും മൊഴി എടുക്കാന്‍ ചെല്ലാനാവശ്യപ്പെട്ട് നിരന്തരം വിളിയാണ്. പോരാത്തതിന് ഭീഷണി കോളുകള്‍ വേറെയും.
മണക്കാട് പുതുപ്പരിയാരം സ്വദേശി റിജോയുടെ പേരും ഔദ്യോഗിക വിലാസവും ഒപ്പും ഫോണ്‍ നമ്പരും ഉപയോഗിച്ചാണ് ആരൊക്കെയോ തിരുവനന്തപുരത്തേക്ക് വ്യാജ പരാതികള്‍ അയച്ചിരിക്കുന്നത്. കൂടുതലും ഇടുക്കിയിലെ പോലീസ് സേനയെ കുറിച്ചുള്ള പരാതികളാണ്. ഒടുവില്‍, ഇതിനു പിന്നില്‍ താനല്ലെന്നും പേര് ദുരുപയോഗപ്പെടുത്തുകയാണെന്നും കാണിച്ച് ഇടുക്കി എസ്‌പിക്കും തൊടുപുഴ ഡി.വൈ.എസ്‌പിക്കും പരാതി നല്‍കി. എന്നിട്ടും പരാതിയിന്മേല്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനുകളില്‍നിന്ന് റിജോയുടെ ഫോണിലേക്ക് വിളി തുടരുകയാണ്.
നിര്‍ത്താതെയുള്ള ഫോണ്‍വിളികള്‍ക്കുപുറമേ, ഇടുക്കി ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെത്തി മൊഴി നല്‍കാന്‍ കൂടി നിര്‍ബന്ധിക്കപ്പെടുകയാണെന്ന് റിജോ പറയുന്നു. പൊതുപ്രവര്‍ത്തകനും, ഹ്യൂമന്‍ റൈറ്റ്സ് ഫോറം ഇടുക്കി ജില്ലാ സെക്രട്ടറിയും കൂടിയാണ് റിജോ. സംഘടനയുടെ വിലാസവും റിജോയുടെ സ്ഥാനനാമവും ഉപയോഗിച്ച് ഇടുക്കി ജില്ലയിലെ പോലീസ് സേനയെക്കുറിച്ചുള്ള പരാതികളാണ് കത്തുകളായി അജ്ഞാതര്‍ തിരുവനന്തപുരത്തേക്ക് അയച്ചത്.
പരാതി അന്വേഷിക്കാനായി ഡി.ജി.പിയുടെ ഓഫീസില്‍നിന്ന് താഴേക്ക് കൈമാറി. തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ അടക്കമുള്ള ഓഫീസുകളില്‍ മൊഴി നല്‍കാന്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് റിജോയ്ക്ക് നിരന്തരം ഫോണ്‍ വിളികളെത്തുന്നുണ്ട്. താനല്ല പരാതി നല്‍കിയതെന്ന് പലവട്ടം പറഞ്ഞിട്ടും എത്താന്‍ നിര്‍ബന്ധിക്കുകയാണെന്നും റിജോ പറയുന്നു. അവസാനമായി തൊടുപുഴ സിഐക്കെതിരേ ആരോ റിജോയുടെ പേരില്‍ പരാതി അയച്ചു. ഇതില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡി.വൈ.എസ്‌പി. ഓഫീസിലെത്തി സത്യാവസ്ഥ ബോധ്യപ്പെടുത്തി പരാതിയും നല്‍കി. തന്നെ കുടുക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ് ഈ വ്യാജ പരാതികളെന്ന് റിജോ പറയുന്നു.