ചെന്നൈ : വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പനയുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചെന്നൈ തിരുവല്ലിക്കേണി എസ്.ഇര്‍ഫാന്‍ഖാന്‍(29) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ ദുബൈയിലെ പ്രവീണ്‍ എന്നയാളെ അറസ്റ്റ് ചെയ്യാനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ പോകുന്നതിന് അടിയന്തിരമായി കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരെയാണ് ഇവര്‍ വലയില്‍ വീഴ്ത്തുന്നത്. 500 രൂപയാണ് ഫീസ്. തുക ജീപേയില്‍(ഗൂഗിള്‍ പേ) അടക്കണം. പാസ്പോര്‍ട്ടിന്റെ കോപ്പി നല്‍കിയാല്‍ അരമണിക്കൂറിനകം കോവിഡ് സര്‍ട്ടിഫിക്കറ്റ് വാട്ട്സ്ആപ്പിലൂടെ ലഭ്യമാവും. ദുബൈയിലുള്ള പ്രവീണ്‍ ആണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്നത്. നാലു മാസത്തിനിടെ ഇത്തരത്തില്‍ 70 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായാണ് പോലീസ് പറയുന്നത്.
ചെന്നൈയിലെ മന്നടിയിലെ ‘കെ.എച്ച്.എം മെഡിക്കല്‍ സെന്‍ററി’ന്റെ പേരിലുള്ള വ്യാജ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. വിവരമറിഞ്ഞ ലാബുടമ ഹരിഷ് പര്‍വേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടി.
ഇര്‍ഫാന്‍ഖാന്‍ ദുബൈയില്‍നിന്ന് നാട്ടിലേക്ക് മടങ്ങവെ പ്രവീണ്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി കൊടുത്തിരുന്നു. ചെന്നൈയിലെത്തിയ ഇര്‍ഫാന്‍ പിന്നീട് ഇതിെന്റ ഏജന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിലൂടെ ലഭ്യമാവുന്ന തുക ഇരുവരും തുല്യമായി വീതിച്ചെടുക്കുകയായിരുന്നു പതിവ്.