മലപ്പുറം : വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ വളാഞ്ചേരി അര്‍മലാബ് ഉടമയുടെ മകനെ അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സഞ്ജീത് എസ്. സാദത്ത്. സഞ്ജീത് ആണ് വളാഞ്ചേരിയിലെ ലാബ് നടത്തിയിരുന്നത്. വിദേശത്തേക്ക് രക്ഷപെടുന്നതിനിടെയാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും ഇയാളെ വളാഞ്ചേരി സി.ഐ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടു പ്രതിയായ വളാഞ്ചേരി കരേക്കാട് സ്വദേശി കപ്പൂത്ത് അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ഉനൈസ്നെയും (23) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി സുനില്‍ സാദത്ത് മഞ്ചേരി ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നു ഒളിവില്‍ പോയിരിക്കുകയാണ്. ഒന്നാം പ്രതി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. അര്‍മലാബ് 2000 ഓളം പേര്‍ക്ക് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്ന് വളാഞ്ചേരി പോലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് മൈക്രോ ലാബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് വളാഞ്ചേരി അര്‍മ ലാബ്. സാമ്പിളുകള്‍ ശേഖരിച്ച് കോഴിക്കോട് മൈക്രോ ലാബില്‍ പരിശോധന നടത്തി ഫലം നല്‍കാനാണ് ഇവര്‍ക്ക് അനുമതി. വിദേശത്ത് പോകാന്‍ ഉദ്ദേശിക്കുന്നവരാണ് ഇവിടെ പരിശോധനയ്ക്ക് വന്നിരുന്നത്.
എന്നാല്‍ ഇവര്‍ ശേഖരിച്ച 2,500 പേരുടെ സാമ്പിളുകളില്‍ 496 എണ്ണം മാത്രമാണ് കോഴിക്കോട് അയച്ചത്. ബാക്കിയുള്ളവര്‍ക്ക് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കി. 2,750 രൂപയും ഈടാക്കി. ഇത്തരത്തില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരാള്‍ക്ക് പിന്നീട് രോഗം സ്ഥിരീകരിച്ചു. ഈ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ലാബ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചത് കണ്ടെത്തിയതിന്റെ പിന്നാലെ മൂന്ന് ആഴ്ച മുമ്പ് ലാബ് പോലീസ് അടപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്ത് വന്നത്.
ആഗസ്റ്റ് 16നാണ് ഇവര്‍ സാമ്പിള്‍ ശേഖരിക്കുന്നത് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി തുടങ്ങിയത്. അതിന് ശേഷമുള്ള കണക്കാണ് 2500. ഇതിന് മുന്‍പ് ഇവര്‍ ഇത്തരത്തില്‍ എത്ര പേരുടെ സാമ്പിള്‍ ശേഖരിച്ചു എന്ന് അറിയാന്‍ സാധിച്ചിട്ടില്ല. പരിശോധനയ്ക്ക് അയക്കാത്ത, ശേഖരിച്ച സ്രവ സാമ്പിള്‍ ഇവര്‍ തന്നെ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ആണ് ചെയ്തത്. കോവിഡ് വ്യാപകമായി പടര്‍ന്ന സാഹചര്യത്തിലാണ് പണം തട്ടിയെടുക്കാന്‍ ലാബുകാര്‍ ഇത്തരത്തില്‍ സാമൂഹ്യ ദ്രോഹം ചെയ്തത്.