ദില്ലി : കൊവിഡ് വാക്‌സിനേഷന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ ആലോചിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ലഭ്യമാകുന്ന നിരവധി ആപ്പുകള്‍ നിലവിലുണ്ട്. എന്നാല്‍ അത് വ്യാജമാണോ എന്നു സ്ഥിരീകരിക്കണം. ഇല്ലെങ്കില്‍ അതു വലിയ പണി തരാന്‍ സാധ്യതയുണ്ട്. കൊവിഡ് വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യുന്നതിനോ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യുന്നതിനോ ഉള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമായ കോവിന്‍ എന്ന പേരില്‍ വ്യാജ ആപ്ലിക്കേഷനുകള്‍ നിലവിലുള്ളതിനെക്കുറിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടിഇന്‍) ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വൈറല്‍ എസ്എംഎസുകളിലൂടെയാണ് ആപ്ലിക്കേഷനുകള്‍ പ്രചരിക്കുന്നതെന്ന് സിഇആര്‍ടി റിപ്പോര്‍ട്ട് ചെയ്തു.
ഉപയോക്താക്കളുടെ ഫോണുകളിലേക്ക് ഒളിഞ്ഞുനോക്കുന്നതും ഉപയോക്താക്കളുടെ തന്ത്രപ്രധാനമായ വിവരങ്ങളിലേക്ക് നിയമവിരുദ്ധമായ പ്രവേശനം നേടുന്നതുമായ വ്യാജ കോവിന്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് സിആര്‍ടിഇന്‍ ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്. വാക്‌സിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമന്ന് അവകാശപ്പെടുന്ന നിരവധി എസ്എംഎസുകള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ എപികെ കള്‍ നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. Covid-19.apk, vaci_regis.apk, myvaccine_v2.apk, cov-regis.apk, vccin-apply.apk. എന്നിങ്ങനെയാണ് ഇതില്‍ മിക്കതും വരുന്നത്.