ശ്രീകണ്ഠപുരം : കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുവതിക്ക് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ശ്രീകണ്ഠപുരം കാവിൻമൂലയിലെ ചാലരകത്ത് സമീനയ്ക്കാണ് കഴിഞ്ഞ 15 ന് വാക്സിൻ സ്വീകരിച്ചതായി കാണിച്ചുള്ള സർട്ടിഫിക്കറ്റ് ലഭിച്ചത്. നേരത്തെ കോവിൻ പോർട്ടലിൽ വാക്സിൻ ലഭിക്കുന്നതിനായി സമീന രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കുത്തിവെപ്പ് നടത്തിയിരുന്നില്ല.
അതിനിടെയാണ് 41212165 ബാച്ച് നമ്പറിലുള്ള സർട്ടിഫിക്കറ്റ് സമീനയുടെ ഫോണിലേക്ക് എത്തിയത്. ഇതോടെ അവർ ആശങ്കയിലുമായി. തനിക്ക് ലഭിക്കേണ്ട വാക്സിൻ മറ്റാർക്കോ നൽകിയതാണെന്നും അശ്രദ്ധമായി പ്രവർത്തിച്ച് ഗുരുതര വീഴ്ച വരുത്തിയവർക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമീന ആരോഗ്യമന്ത്രി വീണാ ജോർജിന് പരാതിയും നൽകി.