തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ അടച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ കെ സതീശനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇരിങ്ങാലക്കുടിയിലെ മുന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആണ്. ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നു എന്നാണ് കുറ്റം. എക്‌സൈസ് കമ്മീഷണറുടെതാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 27 നാണ് ചാലക്കുടി ഷീ സ്‌റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും കടയിലെത്തി അറസ്റ്റുചെയ്തത്. ബാഗില്‍ നിന്ന് എല്‍.എസ്.ഡി സ്റ്റാംപ് പിടിച്ചെന്ന കേസില്‍ ഷീല സണ്ണി 72 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. എന്നാല്‍, ലാബ് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ എക്‌സൈസ് പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞു. ഷീലയുടെ പക്കല്‍ നിന്ന് 12 എല്‍എസ്ഡി സ്റ്റാംപുകള്‍ കണ്ടെത്തിയെന്നായിരുന്നു കേസ്.