തിരുവനന്തപുരം: നാഷണല്‍ ഹൈവേ അതോറിട്ടിയുടേതെന്ന വ്യാജേന ഓണ്‍ലൈന്‍ വഴി വ്യാജ ഫാസ്റ്റാഗ് വില്‍പനക്കാര്‍ തട്ടിപ്പുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് കേരള പോലീസ് അറിയിച്ചു. ഇതിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കരുതിയിരിക്കണമെന്നും കേരള പോലീസ് അറിയിച്ചു.
ഒറിജിനലിനെ വെല്ലുന്ന വിധമാണ് വ്യാജന്മാരുടെ ഫാസ്റ്റാഗുകള്‍. ബാങ്കിലെ കസ്റ്റമര്‍ സര്‍വ്വീസ് എക്സിക്യൂട്ടിവ് എന്ന രീതിയില്‍ ഫോണില്‍ ബന്ധപ്പെട്ട ശേഷം ഇവര്‍ അയച്ചുകൊടുക്കുന്ന ലിങ്കില്‍ ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ക്കാരെ കെണിയില്‍ പെടുത്തുന്ന രീതിയും തട്ടിപ്പുകാര്‍ അവലംബിക്കുന്നുണ്ട്.
ആധികാരികത ഉറപ്പുവരുത്താന്‍ NHAI യുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ MyFastag App ഉപയോഗിക്കുകയോ ചെയ്യുക. ഫാസ്റ്റാഗുകള്‍ വിതരണം ചെയ്യാന്‍ അനുവദിച്ചിട്ടുള്ള ബാങ്കുകള്‍ / ഏജന്‍സികള്‍ മുഖേനെയും ഫാസ്റ്റ് ടാഗ് വാങ്ങാവുന്നതാണ്.