കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ അല്മായ ട്രസ്റ്റി റോണി വർഗീസിന്റെ പേരിൽ വ്യാജ വാർത്ത. സഭയുടെ സ്കൂള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ജോലി ഒഴിവുകള്‍ ഉണ്ടെന്നും തന്നെ നേരിട്ട് ബന്ധപ്പെടാനുമായിരുന്നു വാര്‍ത്തയില്‍. ഇന്ന് രാവിലെ മുതലാണ് സോഷ്യല്‍ മീഡിയാകളിലൂടെ വാര്‍ത്ത പ്രചരിച്ചത്. വാര്‍ത്ത വ്യാപകമായതോടെ ഇതിനെതിരെ പ്രതികരണവുമായി മലങ്കര ഓർത്തഡോക്സ് സഭയുടെ അല്മായ ട്രസ്റ്റി റോണി വർഗീസ് രംഗത്തെത്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ :-
എംഡി കോർപ്പറേറ്റ് സ്കൂൾ/ കോളേജ് / ഹോസ്പിറ്റൽ തലങ്ങളിൽ വിവിധ ഒഴിവുകളുണ്ട് എന്ന് കാണിച്ചുകൊണ്ട് “എന്നെ സമീപിക്കുക ” എന്ന് രേഖപ്പെടുത്തി ഇന്ന് രാവിലെ മുതൽ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് മാർത്തോമയുടെ ചുണക്കുട്ടികൾ എന്ന ഫെയ്ക്ക് ഗ്രൂപ്പിൽ വന്നിട്ടുള്ളതായി മനസ്സിലാക്കുന്നു.
സഭാ സ്ഥാപനങ്ങളിലെ ഒഴിവുകൾ അതാത് സമയങ്ങളിൽ പത്ര മാധ്യമങ്ങളിൽ കൂടിയും സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ മലങ്കര സഭ മാസിക വഴിയായും പൊതുജനങ്ങളെ അറിയിക്കുന്ന രീതിയാണ് ഇതുവരെയും കൈക്കൊണ്ടിട്ടുള്ളത്. ആയതുകൊണ്ട് വരുന്ന വേക്കൻസികൾ എല്ലാം ഇപ്രകാരം റിപ്പോർട്ട് ചെയ്യപ്പെടും. ഗവൺമെന്റ് നിർദ്ദേശങ്ങൾക്കനുസൃതമായി മെറിറ്റ് പരിശോധിച്ചു കൊണ്ട് നിയമനവും നടത്തപ്പെടും.
വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവരോട്
എന്റെ പേര് വെച്ച് ആദ്യമായി ഇറങ്ങുന്ന ഫെയ്ക്ക് വാർത്തയല്ല ഇത് എന്നതുകൊണ്ട് പ്രത്യേകമായി ഒരാശ്ചര്യം തോന്നുന്നില്ല. സഭാ മക്കൾക്ക് അർഹമായ പരിഗണന എല്ലാ മേഖലകളിലും ഉണ്ടാകണമെന്നത് തന്നെയാണ് എന്റെ നിലപാടും ആഗ്രഹവും. യോഗ്യതയുള്ളവർ പുറന്തള്ളപ്പെടുവാനും തഴയപ്പെടുവാനും പാടുള്ളതല്ല. അതുകൊണ്ട് വ്യാജ എഴുത്തുകൊണ്ട് നിലപാടുകൾ മാറ്റാമെന്ന് സ്നേഹിതർ കരുതേണ്ട!!
പരിശുദ്ധ സഭയോടും സഭാ മക്കളോടും കൂടെ മുമ്പെന്നവിധം ഇനിയും ഉണ്ടാകും, ദൈവം ആയുസ്സ് തരുന്ന കാലത്തോളം…..റോണി വർഗീസ് എബ്രഹാം, അല്മായ ട്രസ്റ്റി.