തൊടുപുഴ : ഓൺലൈൻ ടാക്സി ഓടുന്നതിന്റെ മറവിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം നടത്തിയ സംഘം അറസ്റ്റിൽ. തൊടുപുഴയിലെ ആയിരം വർഷം പഴക്കമുള്ള അമരംകാവ് ക്ഷേത്രത്തിൽ രണ്ടുപ്രാവശ്യം മോഷണവും അതിക്രമവും നടത്തിയ രണ്ടുപേരെയും, മോഷണമുതൽ വാങ്ങിയ ഒരാളെയുമാണ് അറസ്റ്റുചെയ്തത്. അസം സ്വദേശിയും പെരുമ്പാവൂരിൽ താമസക്കാരനുമായ അമീർ ഹംസ(26), ഊബർ ഡ്രൈവറായ കണ്ണൂർ തളിപ്പറമ്പ് കൂട്ടുമുഖം സ്വദേശി വലിയവളപ്പിൽ വീട്ടിൽ ഉബൈദ് (38), എറണാകുളം തമ്മനം നന്ദാനത്ത് പറമ്പിൽ വീട്ടിൽ അനസ് (റസാഖ്-54) എന്നിവരാണ് പിടിയിലായത്. അനസ് മോഷണമുതലുകൾ വാങ്ങിയ ആളാണ്. സംഘത്തിൽപ്പെട്ട ബംഗാൾ സ്വദേശിയായ സുമീറിനായി അന്വേഷണം ഊർജിതമാക്കി.
ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ ആരാധനാലയങ്ങളിൽ മോഷണം നടത്തിയവരാണെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം പറഞ്ഞു. എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ക്ഷേത്രങ്ങളിൽനിന്ന് മോഷണംപോയ മുഴുവൻ സാധനങ്ങളും തമ്മനത്തുള്ള അനസിന്റെ കടയിൽനിന്ന് കണ്ടെടുത്തു. പട്ടാമ്പി സ്വദേശിയായ മറ്റൊരു വ്യക്തിയാണ് തമ്മനത്തുനിന്ന് മുഴുവൻ മോഷണമുതലുകളും വാങ്ങിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ രണ്ട് കേസാണുള്ളത്. കാക്കനാട്ടുള്ള ക്രിസ്തീയദേവാലയത്തിലും മറ്റുചില സ്ഥലങ്ങളിലെ ആരാധനാലയങ്ങളിലും മോഷണം നടത്തിെയന്ന് പ്രതികൾ സമ്മതിച്ചതായി പോലീസറിയിച്ചു.






























