കോന്നി : ഭക്തിയുടെ മറവിൽ ജനങ്ങളെ ചൂഷണം ചെയ്യുന്ന വ്യാജ സിദ്ധന്മാർ കോന്നിയിലും സജീവം. നിലവിൽ ദുർ മന്ത്രവാദിനി പിടിയിലായ മലയാലപ്പുഴയിൽ അടക്കം ഇത്തരത്തിൽ വ്യാജ സിദ്ധന്മാർ അനവധിയാണ്. കടങ്ങൾ കൊണ്ടും രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരും സന്താന ലബ്ധി, വിവാഹം നടക്കാതെ ഇരിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകളുമാണ് ഇവരുടെ ഇരകൾ. ഒരു തവണ ഇവരുടെ അടുത്ത് പോയാൽ പോകുന്നവരെ ഉപയോഗിച്ച് മറ്റുള്ളവരെ തങ്ങളിലേക്ക് ആകർഷിക്കുന്നതാണ് ഇവരുടെ രീതി.
വലിയ മന്ത്ര തന്ത്ര വിധികൾ നിരത്തി ദോഷങ്ങൾ മാറാൻ വലിയ പൂജകൾ ചെയ്യണമെന്ന് പറഞ്ഞ് ധരിപ്പിച്ച് പണം തട്ടി എടുക്കുന്നതും ഇത്തരം ആളുകളുടെ രീതി ആണ്. ചിലർക്ക് പണം നഷ്ടപ്പെട്ടാലും നാണക്കേട് മൂലം ആരും പുറത്ത് പറയാറില്ല എന്നതാണ് വസ്തുത. വലിയ അമ്പലങ്ങളുടെ മറവിൽ ഇവിടെ എത്തുന്ന ഭക്തരേ ചൂഷണം ചെയുന്ന സംഘങ്ങളും അനവധിയാണ്. ഓരോ പൂജാവിധികൾക്കും നിരക്കുകൾ അടക്കം പ്രദർശിപ്പിക്കുന്ന സിദ്ധന്മാരും അനവധിയാണ്. വീടുകളിൽ എത്തി പൂജ നടത്തുന്ന പൂജാരി കോന്നിയിൽ ഒട്ടേറെയുണ്ട്.