കൊച്ചി: എറണാകുളം, തൃക്കാക്കര ഉള്‍പ്പെടെ എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി ഹൈബി ഈഡന്‍ എംപി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുസമൂഹത്തിന്റെ മുന്‍പില്‍ ഉയര്‍ത്തിയ ‘ഇരട്ട വോട്ട്’ വിഷയം വലിയ ജനശ്രദ്ധ നേടിയിരുന്നു.
വോട്ടര്‍ പട്ടികയില്‍ ഇരട്ട വോട്ടുകള്‍ കടന്നു കൂടിയിട്ടുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷനും സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എറണാകുളത്ത് വന്‍ തോതില്‍ ഇരട്ട വോട്ടുകള്‍ കണ്ടെത്തിയത്. എറണാകുളം നിയോജക മണ്ഡലത്തില്‍ ആകെ 1,64,534 വോട്ടുകളാണ് ഉള്ളത്. അതില്‍ 2238 ഇരട്ടവോട്ടുകളാണ് കണ്ടെത്തിയത്. 2016ല്‍ എറണാകുളം മണ്ഡലത്തിലെ വോട്ടര്‍മാരുടെ ആകെ എണ്ണം 1,54,092ആയിരുന്നു. തൃക്കാക്കര മണ്ഡലത്തില്‍ 1975 ഇരട്ടവോട്ടുകളാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.