അഹമ്മദാബാദ്: എയര്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍. നഷ്ടപരിഹാര തുകയുടെ അപേക്ഷാഫോറത്തില്‍ സ്വത്ത് വിവരങ്ങള്‍ ആവശ്യപ്പെട്ടെന്ന് ആക്ഷേപം. നഷ്ടപരിഹാര തുക കുറക്കാനാണ് എയര്‍ ഇന്ത്യയുടെ ശ്രമമെന്നും കുടുംബങ്ങള്‍ ആരോപിച്ചു. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എയര്‍ ഇന്ത്യയുടെ വാദം. നഷ്ടപരിഹാര തുകക്ക് വേണ്ടി നല്‍കിയ ഫോറത്തിലെ ചോദ്യങ്ങളിലാണ് എയര്‍ ഇന്ത്യക്കെതിരെ കുടുംബാംഗങ്ങളുടെ ഗുരുതര ആരോപണം. ഫോറത്തില്‍ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങളടക്കം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ചോദ്യാവലികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മരിച്ച വ്യക്തിയെ ആശ്രയിച്ചാണോ ജീവിക്കുന്നത് എന്നടക്കമുള്ള കാര്യങ്ങളാണ് ബന്ധുക്കളോട് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടത്. നിയമാനുസൃതമായി രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും കുടുംബാംഗങ്ങള്‍ ആരോപിച്ചു.
വിദേശികളക്കമുളള 40 ഓളം കുടുംബങ്ങളാണ് എയര്‍ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ചത്. നഷ്ടപരിഹാര തുക വെട്ടിക്കുറക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്നും കുടുംബങ്ങള്‍ വിമര്‍ശിച്ചു. ഫോറത്തില്‍ അടങ്ങിയ വാക്കുകള്‍ നിര്‍ബന്ധിതമായി ഒപ്പിടാന്‍ പ്രേരിപ്പിക്കുന്നതായും ആരോപണമുണ്ട്. സ്വത്ത് വിവരങ്ങള്‍ അടക്കം വെളിപ്പെടുത്തേണ്ട സാഹചര്യത്തില്‍ നഷ്ടപരിഹാര തുകയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബാംഗങ്ങള്‍. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. കുടുംബബന്ധം സ്ഥിരീകരിക്കുന്നതിനും തുക വിതരണം സുഗമമാക്കാന്‍ വേണ്ടിയുമാണ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. 47 പേരുടെ കുടുംബങ്ങള്‍ക്ക് ഇടക്കാല സാമ്പത്തിക സഹായം നല്‍കിയെന്നും കമ്പനി പ്രസാതാവനയില്‍ ചൂണ്ടിക്കാട്ടി.