അങ്കമാലി: മൂക്കന്നൂര്‍ എം.എ.ജി.ജെ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് യുവാവ് മരിക്കാനിടയായതെന്ന് ആരോപിച്ച് കുടുംബാംഗങ്ങള്‍ ആശുപത്രിക്ക് മുന്നില്‍ നിരാഹാരസമരം തുടങ്ങി. മഞ്ഞപ്ര സെബിപുരം മേപ്പിള്ളി വീട്ടില്‍ ബൈജുവാണ് (38) രണ്ടാഴ്ചമുമ്പ് മരണപ്പെട്ടത്. കുടുംബാംഗങ്ങളോടൊപ്പം ഉച്ചക്ക് വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഈ മാസം അഞ്ചിനാണ് വയറില്‍ അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് ഭാര്യയോടൊപ്പം ബൈക്കോടിച്ച് മൂക്കന്നൂര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഡോക്ടറുടെ പരിശോധനക്കുശേഷം നിര്‍ദേശിച്ച എന്‍ഡോസ്കോപ്പിക്കുശേഷം ബൈജു അവശനിലയിലായി.
തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞെങ്കിലും രക്ഷിക്കാനായില്ല. എന്‍ഡോസ്കോപ്പി കാമറ തൊണ്ടയില്‍ കുരുങ്ങിയാണ് ബൈജു മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഡോക്ടറുടെ അശ്രദ്ധയും മാനേജ്മെന്‍റിന്റെ അനാസ്ഥയുമാണ് കാരണമെന്ന് ആരോപിക്കുന്നു. മുന്‍പരിചയമില്ലാത്ത ഡോക്ടറും സഹായിയായി മറ്റൊരു ജൂനിയര്‍ ഡോക്ടറുമാണ് എന്‍ഡോസ്കോപ്പി ചെയ്തത്.
ഉപകരണം കാലപ്പഴക്കംമൂലം തുരുമ്പിച്ചതായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ബൈജുവിന്റെ മരണം സംബന്ധിച്ച് ജില്ല റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ഭാര്യ ബീനയും മറ്റ് കുടുംബാംഗങ്ങളും ആശുപത്രിക്കുമുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.