റാന്നി : അധികൃതര്‍ വാക്കു പാലിച്ചില്ല, അജിമോന്‍റെ വീടിന്‍റെ മറുവശത്തെ സംരക്ഷണ ഭിത്തിയും തകര്‍ന്നു വീണു. ഇതോടെ ആകെയുള്ള താമസ സൗകര്യം നഷ്ട്ടമായതിന്റെ സങ്കട കയത്തിലാണ് കുടുംബമിപ്പോൾ. അങ്ങാടി പറക്കുളം തടത്തില്‍കാലായില്‍ കെ.വി അജിമോനും കുടുംബവുമാണ് ഇപ്പോൾ പെരുവഴിയിലായത്.
കഴിഞ്ഞ മാസം പതിമൂന്നിന് പെയ്ത കനത്ത മഴയില്‍ അജിമോന്‍റെ വീടിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്ന് അടുത്ത വീടിന്‍റെ മുറ്റത്തേക്ക് പതിച്ചിരുന്നു. പിന്നീട് ഇന്നലെ മറുവശം കൂടി തകര്‍ന്നു വീണതോടെ വീട് തീര്‍ത്തും അപകടാവസ്ഥയിലായി. അന്നു വീടിന്‍റെ അസ്ഥിവാരത്തോടു ചേര്‍ന്നുള്ള ഭാഗവും കെട്ടിനോടൊപ്പം ഇടിഞ്ഞിരുന്നു.
ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടിന്‍റെ ഇടിഞ്ഞ ഭാഗം അടിയന്തരമായി പുനരുദ്ധരിക്കാമെന്ന് വാക്കു കിട്ടിയെങ്കിലും നൂലാമാലയില്‍ കുരുങ്ങി അജിമോന് സഹായം കിട്ടിയില്ല. ഇപ്പോള്‍ മറുവശം കൂടി തകര്‍ന്നതോടെ നിര്‍ദ്ധന കുടുംബത്തിന്‍റെ കിടപ്പാടമാണ് ഇല്ലാതായത്. ഇതിനൊപ്പം സംരക്ഷണ ഭിത്തി തകര്‍ന്നു വീണ സമീപത്തെ വീടിനും സംഭവം ഭീക്ഷണിയായിട്ടുണ്ട്.