മല്ലപ്പള്ളി : വെണ്ണിക്കുളം-വാളക്കുഴി റോഡിൽ മുതുപാലയ്ക്ക് സമീപം വെള്ളത്തിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ചു. കോട്ടൂരേത്ത് ജിനു എൽസയെയും മൂന്ന് കുട്ടികളെയും പിതാവിനെയുമാണ് രക്ഷാപ്രവർത്തകർ കരക്കെത്തിച്ചത്. തോട് കരകവിഞ്ഞ് റോഡിലൂടെ എത്തി വീട്ടിലേക്ക് കടക്കുകയായിരുന്നു.
കുത്തൊഴുക്കുള്ള റോഡിന് കുറുകെ കയർ കെട്ടി ഇതിൽ പിടിച്ചാണ് ഓരോരുത്തരെയായി മാറ്റിയത്. പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യയുടെ ഭർത്താവ് ജോബി വടക്കേറ്റത്ത്, സുഹൃത്തുക്കളായ ലിജോ മുതുപാല, സാദിഖ് മുതുപാല, മുബാഷ്, സണ്ണി എന്നിവരായിരുന്നു രക്ഷാപ്രവർത്തകർ. മല്ലപ്പള്ളി താലൂക്കിൽ നാളിതുവരെ കാണാത്ത മിന്നൽപ്രളയമായിരുന്നു തിങ്കളാഴ്ച ഉണ്ടായത്.
അതിതീവ്രമഴയുടെ ഫലമെന്നോണം ഉയർന്ന പ്രദേശങ്ങളിൽ രൂപംകൊണ്ട ഉറവകൾ ഒന്നിച്ചെത്തിയപ്പോൾ തോടുകൾ നിറഞ്ഞു കവിഞ്ഞു. വെളുപ്പിന് നാലരയോടെയാണ് ദുരന്തമുഖം തുറന്നത്. പലയിടത്തും മണ്ണിടിഞ്ഞു. വീടുകളിലും കടകളിലും വെള്ളം കയറി, കൃഷി നശിച്ചു. കാറും മറ്റുവാഹനങ്ങളും ഒഴുക്കിൽപ്പെട്ടു. റോഡുകളും വെള്ളത്തിനടിയിലായി. ഗതാഗതം സ്തംഭിച്ചു.