ചെന്നൈ : പ്രശസ്ത വയലിനിസ്റ്റ് പ്രൊഫസര്‍ ടി.എന്‍ കൃഷ്ണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. രാജ്യത്തിനകത്തും പുറത്തുമായി നിരവധി കച്ചേരികള്‍ അവതരിപ്പിച്ച അദ്ദേഹം പത്മഭൂഷന്‍ ബഹുമതിക്കും അര്‍ഹനായിട്ടുണ്ട്.
ഫിഡില്‍ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന ഭാഗവതര്‍ മഠത്തില്‍ എ.നാരായണ അയ്യരുടേയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബര്‍ ആറിന് തൃപ്പൂണിത്തുറയിലാണ് ടി.എന്‍ കൃഷ്ണനെന്ന തൃപ്പുണിത്തുറ നാരായണയ്യര്‍ കൃഷ്ണന്‍ ജനിച്ചത്. പിതാവിന്റെ കീഴില്‍ മൂന്നാം വയസുമുതല്‍ വയലിന്‍ പഠിച്ചുതുടങ്ങിയ കൃഷ്ണന്‍ പ്രഗത്ഭരായ സംഗീതഞ്ജര്‍ക്കു വേണ്ടിയെല്ലാം പക്കം വായിച്ചു.
മദ്രാസ് സംഗീത കോളജില്‍ വയലിന്‍ അധ്യാപകനായിരുന്നു. 1978ല്‍ പ്രിന്‍സിപ്പലായി. 1985ല്‍ ഡല്‍ഹി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സിലെ പ്രൊഫസറും ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 -1993 കാലഘട്ടത്തില്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷനായിരുന്നു.
പത്മശ്രീ (1973), പത്മഭൂഷണ്‍ (1992), കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡും (1974) സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും (2006) കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് (1974), മദ്രാസ് സംഗീത അക്കാദമി നല്‍കുന്ന സംഗീത കലാനിധി പുരസ്‌കാരം( 1980), ഇന്ത്യന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നല്‍കുന്ന സംഗീത കലാശിഖാമണി പുരസ്‌കാരം (1999), ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം (2017) തുടങ്ങിയ നിരവധി അംഗീകരങ്ങള്‍ നേടി. പാലക്കാട് നെന്മാറ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കളായ വിജി കൃഷ്ണനും ശ്രീറാം കൃഷ്ണനും അറിയപ്പെടുന്ന വയലിന്‍ വാദകരാണ്.