കൊച്ചി : നടന്‍ മോഹന്‍ലാല്‍ കൊറോണ ബാധിച്ച് മരിച്ചുവെന്ന് വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ കേസ്സെടുക്കണമെന്ന് ഫാന്‍സ് അസോസിയേഷന്‍. ഏപ്രില്‍ ഒന്നിനു ഫൂളാക്കാന്‍ കൊറോണയെ കൂട്ടുപിടിക്കരുതെന്ന കര്‍ശന താക്കീതായിരുന്നു സര്‍ക്കാരും കേരള പോലീസും നല്കിയത്. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ടാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയി രിക്കുകയാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. അസോസിയേഷന്റെ പ്രസിഡന്റ് വിമല്‍ കുമാറാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
സമീര്‍ എന്ന വ്യക്തിയാണ് മോഹന്‍ലാല്‍ അഭിനയിച്ച ഒരു ചിത്രത്തിലെ മരണ രംഗം ഉപയോഗപ്പെടുത്തി വ്യാജവാര്‍ത്ത ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമല്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കൊറോണ ബാധിച്ച് വീണ്ടും മരണം, തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ ആണ് മരിച്ചതെന്നായിരുന്നു പ്രചരിക്കപ്പെട്ട വാര്‍ത്ത. കൊറോണയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് നേരത്തെ കേരള പോലീസ് അറിയിച്ചിരുന്നു.