പത്തനംതിട്ട : ചിറ്റാറിലെ ഫാം ഉടമ പി.പി മത്തായി വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ദൂരുഹ സാഹചര്യത്തിൽ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
ദുരൂഹത നിറഞ്ഞ ഈ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുക്കാതെ എന്തടിസ്ഥാനത്തിലാണ് ആത്മഹത്യക്ക് കേസെടുത്തതെന്ന് കോടതിക്ക് മനസ്സിലാകുന്നില്ലെന്നും ഈ സംഭവത്തെക്കുറിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വിശദീകരണം നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച മത്തായിയുടെ ഭാര്യ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഉത്തരവ്.