ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത ബന്ദിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കര്‍ഷകര്‍ ദേശീയപാതകളും റെയില്‍ പാളങ്ങളും ഉപരോധിക്കുകയാണ്.അതിര്‍ത്തികളില്‍ സമരം നടക്കുന്ന മൂന്നു സ്ഥലങ്ങളിലും വന്‍തോതില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പോലീസ് കര്‍ശന ജാഗ്രതയിലാണ്. പ്രതിഷേധക്കാരില്‍ ഒരാളേപ്പോലും ഡല്‍ഹി നഗരത്തിലേക്കു കടക്കാന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.
ജനാധിപത്യവും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കുന്നതിനായി എല്ലാ രാഷ്ട്രീയ കക്ഷികളും ബന്ദുമായി സഹകരിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരുന്നു. കര്‍ഷകര്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന ഭാരത് ബന്ദിന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ശക്തമായ പിന്തുണയാണുള്ളത്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന് എല്‍ഡിഎഫും, യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.