ഛണ്ഡീഗഢ് : പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ ബിജെപി നേതാവിന്‍റെ വീടിന് മുന്നില്‍ ചാണകം തള്ളി. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
പ്രതിഷേധത്തിന്‍റെ പേരില്‍ ആളുകളെ ഉപദ്രവിക്കുന്നത് അനുവദിക്കാനാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സംഭവത്തോട് പ്രതികരിച്ചു. മുന്‍ മന്ത്രിയും ബിജെപി നേതാവുമായ തിക്ഷാന്‍ സുദിന്‍റെ വീടിന് മുന്നിലാണ് ട്രാക്ടര്‍ ട്രോളികളില്‍ ചാണകം തള്ളിയത്. പ്രതിഷേധക്കാരെന്ന് പറയുന്ന സംഘം വീടിന് മുന്നില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ചിലര്‍ ബിജെപി നേതാവിന്‍റെ വീടിന് നേരെ ചാണകം എടുത്തെറിയുകയും ചെയ്തു.
തന്‍റെ വീട്ടിലേക്ക് ചാണകം എറിഞ്ഞവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തിക്ഷാന്‍ സുദ് പിന്നീട് കുത്തിയിരിപ്പ് സമരം നടത്തി.
ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കര്‍ഷകരുടെ സമാധാനപരമായ പ്രക്ഷോഭത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും അതിന്‍റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതിഷേധക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.