കോന്നി: കാട്ടുപന്നിശല്യം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ പ്രതിഷേധ സൂചകമായി ബോര്‍ഡ് സ്ഥാപിച്ചു. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാതെ ആരും വോട്ടിനു വേണ്ടി ഈ പടി കയറരുത് എന്നാണ് ബോര്‍ഡിലെ സന്ദേശം. റാന്നി, കോന്നി മേഖലകളിലാണ് ബോര്‍ഡ് വെച്ചിട്ടുള്ളത്. കാട്ടുപന്നികളെ സംരക്ഷിക്കുന്നവര്‍ പന്നികളോട് വോട്ടു ചോദിച്ചാല്‍ മതിയെന്നും കര്‍ഷകര്‍ വോട്ടു നല്‍കില്ലെന്നും ഇവര്‍ പറയുന്നു.
കോന്നി, റാന്നി മേഖലകളില്‍ കാട്ടുപന്നിശല്യം രൂക്ഷമാണ്. കാര്‍ഷിക വിളകള്‍ സംരക്ഷിക്കാനുള്ള ഒരു മാര്‍ഗവും ഫലം കാണുന്നില്ല. ശല്യക്കാരായ കാട്ടുപന്നികളെ കൃഷിയിടത്തിൽ തന്നെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ഉണ്ടെങ്കിലും നാട്ടിലെ തോക്ക് ലൈസൻസുള്ള ആളുകളെ തേടി പിടിച്ച് എത്തിക്കുമ്പോള്‍ കൃഷി പൂര്‍ണമായും കാട്ടുപന്നി നശിപ്പിച്ചിട്ടുണ്ടാകുമെന്ന് കർഷകർ ചൂണ്ടിക്കാട്ടി
കാട്ടുപന്നി കൃഷി നശിപ്പിച്ചാല്‍ കിട്ടുന്ന നഷ്ടപരിഹാരം തുച്ഛമാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ നിരവധിയാളുകൾക്ക് വനം വകുപ്പ് ഇനിയും നഷ്ടപരിഹാരം നല്‍കിയിട്ടില്ല . അപേക്ഷകള്‍ കോന്നി കുമ്മണ്ണൂര്‍ വനം വകുപ്പ് ഓഫീസില്‍ കെട്ടികിടക്കുകയാണ്. ഇതിനൊപ്പം തന്നെയാണ് കൃഷിനാശവുമായി ബന്ധപ്പെട്ട പരാതികളും. പരാതികളിൽ പരിഹാരം കാണുന്നതിൽ കർഷകരോട് ജനപ്രതിനിധികൾ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് കര്‍ഷകരുടെ ആക്ഷേപം. എന്തായാലും തെരഞ്ഞെടുപ്പില്‍ കാട്ടുപന്നിയും ചര്‍ച്ചാവിഷയമാകും.