ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് തിരിച്ചു നല്‍കുമെന്ന് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ആദ്യ ഒളിംപിക് മെഡല്‍ ജേതാവും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിങ് പറഞ്ഞു.
ഹരിയാനയിലെ ഭിവാനി സ്വദേശിയായ വിജേന്ദര്‍ സിങ് ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയിലെ കര്‍ഷകരുടെ പ്രക്ഷോഭ വേദിയിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍, ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എന്റെ ഖേല്‍ രത്‌ന തിരികെ നല്‍കാമെന്ന് തീരുമാനിച്ചുവെന്ന് വിജേന്ദര്‍ പിടിഐയോട് പറഞ്ഞു.
കര്‍ഷകരുടെയും സൈനികരുടെയും ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വന്നത്, അവരുടെ വേദനയും ഉത്കണ്ഠയും എനിക്ക് മനസിലാക്കാന്‍ കഴിയും. അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.