ന്യൂഡല്‍ഹി : ദില്ലിയില്‍ സമരം തുടരുന്ന കര്‍ഷകരുടെ പാര്‍ലമെന്‍റ് മാര്‍ച്ച് നാളെ തുടങ്ങാനിരിക്കെ അതീവ ജാഗ്രതയില്‍ കര്‍ഷക സംഘടനകള്‍. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഇരുന്നൂറ് കര്‍ഷകര്‍, അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍ എന്നിവരാകും പ്രതിദിനം സമരത്തില്‍ പങ്കെടുക്കുക.
ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ പോലീസിന് കൈമാറും. മൂന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമാകും പരിപാടിയില്‍ പങ്കെടുക്കുക. മാര്‍ച്ചില്‍ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ഓഗസ്റ്റ് 19 വരെയാണ് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തുക. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷം കണക്കിലെടുത്താണ് കര്‍ഷകരുടെ മുന്‍കരുതല്‍ നടപടി. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉണ്ടാകുകയും ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തിരുന്നു.
എട്ട് മാസം മുമ്പ് കഴിഞ്ഞ വര്‍ഷം നവംബറിലാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പൂര്‍ണമായും ബഹിഷ്കരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ നിയമങ്ങളിലെ ഭേദഗതിയില്‍ മാത്രം ചര്‍ച്ച എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്‍റെത്. പതിനൊന്ന് തവണയാണ് കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിയത്.