ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് നാളെ കര്‍ഷക സംഘടനകള്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തില്‍. തലസ്ഥാന നഗരത്തെ വലയംവെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ റാലി തുടങ്ങും. വൈകിട്ട് ആറുമണിക്ക് അവസാനിപ്പിക്കും വിധമാണ് ക്രമീകരണം.
റാലിക്ക് പോലീസ് സുരക്ഷ ഒരുക്കും. പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുക. പാക് അട്ടിമറി സംശയിക്കുന്നതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും ട്രാക്ടറുകളില്‍ നാട്ടാന്‍ അനുമതി ഉണ്ട്. കാര്‍ഷിക വൈവിധ്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും ഉള്‍പ്പെടുത്തും.